മുംബൈ: ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രാജസ്ഥാൻ റോയൽസും നേർക്കുനേർ. തുടർച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് ബാംഗ്ലൂർ ഇറങ്ങുന്നത്. അതേസമയം, തോൽവികളിൽ നിന്നുള്ള ഉജ്ജ്വല തിരിച്ചുവരവാണ് രാജസ്ഥാൻ സ്വപ്‌നം കാണുന്നത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.
ഇതുവരെ കപ്പ് നേടാൻ സാധിക്കാത്ത ടീമെന്ന ചീത്തപ്പേര് ഒഴിവാക്കാൻ ആർസിബിക്ക് എല്ലാ കാര്യങ്ങളും അനുകൂലമായി ലഭിച്ചിരിക്കുന്ന സീസണാണിത്. നായകൻ വിരാട് കോഹ്‌ലി കൂടി യഥാർത്ഥ ഫോമിലേയ്ക്ക് ഉയർന്നാൽ രാജസ്ഥാന് കാര്യങ്ങൾ എളുപ്പമാകില്ല. മാക്‌സ്‌വെല്ലും ഡിവില്യേഴ്‌സും മികച്ച ഫോമിലാണ്. ബൗളിംഗിൽ ഹർഷൽ പട്ടേലും യുസ്‌വേന്ദ്ര ചഹലും വിക്കറ്റ് വേട്ടയിൽ മുന്നിൽ തന്നെയുണ്ട്.
ജോസ് ബട്‌ലർ ഒഴികെ മറ്റാരും മികച്ച ഫോമിലേയ്ക്ക് ഉയരാത്തതും ബൗളിംഗ് നിരയുടെ മോശം പ്രകടനവുമാണ് രാജസ്ഥാന് തലവേദനയാകുന്നത്. സഞ്ജു സാംസൺ നേടിയ ഒരു സെഞ്ച്വറിയും ഡേവിഡ് മില്ലറുടെ അർദ്ധ സെഞ്ച്വറിയും മാത്രമാണ് മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ രാജസ്ഥാന് ആശ്വസിക്കാനുള്ളത്. ഇന്ന് വിജയിച്ച് പോയിന്റ് പട്ടികയിലെ സ്ഥാനം മെച്ചപ്പെടുത്താൻ രാജസ്ഥാനും ബാംഗ്ലൂരും കച്ചമുറുക്കുമ്പോൾ ആവേശം വാനോളം ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Post Your Comments