ന്യൂഡല്‍ഹി: കോവിഡ് ബാധ വലിയ തോതിൽ അപകടകരമാം വിധം പിടിവിട്ട് കുതിക്കുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്തുകയാണ്. വകഭേദം സംഭവിച്ച വൈറസ് വ്യാപനം കാരണം രോഗബാധിതരില്‍ പുതിയ പല രോഗ ലക്ഷണങ്ങളും കാണിക്കുന്നുണ്ട്.
സാധാരാണയായി പനി, ശരീരവേദന, രുചിയും മണവും നഷ്ടപ്പെടല്‍, ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയാണ് കോവിഡ് ലക്ഷണങ്ങളായി കണക്കാക്കിയിരുന്നത്.
Also Read:കത്വ ഫണ്ട് തിരിമറി : യൂത്ത് ലീഗ് നേതാവ് സികെ സുബൈറിന് ഇഡി നോട്ടീസ്
പകുതിയിലധികം കോവിഡ് ബാധിതരില്‍ ഇതുവരെ കണ്ടുവരാത്ത രോഗലക്ഷണങ്ങളാണ് കാണുന്നതെന്നാണ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ സൂചിപ്പിക്കുന്നത്.
വായ വരണ്ടുണങ്ങുന്നതാണ് ഇതില്‍ പ്രധാനമായി പറയുന്നത്.വായില്‍ ഉമിനീര്‍ ഉദ്പാദിപ്പിക്കാത്ത അവസ്ഥയാണ് ‘ക്സീറോസ്റ്റോമിയ’. ഇത് വായ് വരണ്ടു പോകുവാന്‍ കാരണമാകുന്നു. ഉമിനീരിന്‍റെ ഘടനയിലെ മാറ്റമോ അല്ലെങ്കില്‍ ഉമിനീര്‍ ഒഴുക്ക് കുറയുന്നതോ ഇതിന് കാരണമാകാം.
കോവിഡ് ബാധയുടെ പ്രാരംഭ ഘട്ടത്തിലാണ് ഈ ലക്ഷണം കണ്ടുവരുന്നത്. ഇതിന് ശേഷമാകും മറ്റ് ലക്ഷണങ്ങളായ പനിയും തൊണ്ടവേദനയുമെല്ലാം അനുഭവപ്പെടുക.
വരണ്ട നാവാണ് പുതിയ കോവിഡ് ലക്ഷണങ്ങളില്‍ രണ്ടാമത്തേത്. ഇക്കാലയളവില്‍ നാവ് വെള്ള നിറമായി മാറുന്നു. ചിലപ്പോള്‍ നാവില്‍ വെളുത്ത നിറത്തിലുള്ള കുത്തുകള്‍ പ്രത്യക്ഷപ്പെടും. ഈ ലക്ഷണങ്ങള്‍ കണ്ടുവരുന്ന ആളുകള്‍ക്ക് ഭക്ഷണം കഴിക്കാന്‍ പ്രയാസമുണ്ടാകും. ഉമിനീര്‍ കുറവായതിനാല്‍ തന്നെ ഭക്ഷണം ചവച്ചരച്ച് കഴിക്കാന്‍ സാധിക്കില്ല. സാധാരണ നിലയില്‍ സംസാരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടും.
ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്ന് ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ അടിയന്തിരമായി ചികിത്സ തേടേണ്ടതാണ്. ഇത് വൈറസ് വ്യാപനം തടയാന്‍ സാധിക്കും.
ഇതിനിടെ ഞായറാഴ്ച രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന രോഗബാധയാണ്.
Post Your Comments