ചെന്നൈ: ഐപിഎല്ലിൽ വിജയത്തുടർച്ചയുമായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആവേശകരമായ മത്സരത്തിൽ ബാംഗ്ലൂർ 6 റൺസിന് വിജയിച്ചു. ഇതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബാംഗ്ലൂർ ജയിച്ചുകയറുന്നത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടാനേ സാധിച്ചുള്ളൂ. സ്‌കോർ 19ൽ നിൽക്കെ ഓപ്പണർ ദേവ്ദത്ത് പടിക്കൽ(11) മടങ്ങി. മൂന്നാമനായെത്തിയ ഷഹബാസ് അഹമ്മദ് 14 റൺസും നായകൻ വിരാട് കോഹ്‌ലി 33 റൺസുമായും കൂടാരം കയറി. ആർസിബിയുടെ ജഴ്‌സിയിൽ ആദ്യ അർദ്ധ ശതകം നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഇന്നിംഗ്‌സാണ് ടീം സ്‌കോർ 150നോട് അടുപ്പിച്ചത്. 41 പന്തിൽ 5 ബൗണ്ടറികളുടെയും 3 സിക്‌സറുകളുടെയും അകമ്പടിയോടെ മാക്‌സ്‌വെൽ 59 റൺസ് നേടി. എബി ഡിവില്യേഴ്‌സ് 1 റൺസുമായി മടങ്ങിയതും ബാംഗ്ലൂരിന് തിരിച്ചടിയായി.
150 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗ് ആരംഭിച്ച ഹൈദരാബാദിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. സ്‌കോർ 13ൽ നിൽക്കെ വൃദ്ധിമാൻ സാഹ വീണു. മൂന്നാം വിക്കറ്റിൽ ഒരുമിച്ച ഡേവിഡ് വാർണർ-മനീഷ് പാണ്ഡെ സഖ്യം ടീം സ്‌കോർ 96ൽ എത്തിച്ച ശേഷമാണ് പിരിഞ്ഞത്. വാർണർ 54 റൺസും പാണ്ഡെ 38 റൺസുമെടുത്താണ് പുറത്തായത്. ജോണി ബെയർസ്‌റ്റോയും(12) റാഷിദ് ഖാനും(18) മാത്രമാണ് ഹൈദരാബാദ് നിരയിൽ പിന്നീട് രണ്ടക്കം കടന്നത്. ബാംഗ്ലൂരിന് വേണ്ടി ഷഹബാസ് അഹമ്മദ് 2 ഓവറിൽ 7 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. മൊഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
Post Your Comments