തിരുവനന്തപുരം: ഡോളർക്കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ വസതിയിൽ വെച്ച് ഇന്നലെയായിരുന്നു ചോദ്യം ചെയ്യൽ. കൊച്ചിയിൽ ഹാജരാകാത്തതിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിൻ്റെ തിരുവനന്തപുരത്തെ വസതിയിൽ നേരിട്ടെത്തുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ട് സലിലിൻ്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
Also Read:‘കൊലയാളികളെ സംരക്ഷിക്കാൻ വക്കീലൻമാരെ ഇറക്കുന്നയാളാണ് പിണറായി’: ഷാഫി പറമ്പിൽ
കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം സമൻസ് അയച്ചങ്കിലും തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. പോളിംങിന് ശേഷം ഹാജരാകാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതേത്തുടർന്ന് രണ്ടാമതും സമൻസ് അയച്ചു. വ്യാഴാഴ്ച കൊച്ചിയിൽ ഹാജരാകണമെന്നായിരുന്നു സമൻസിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ, സുഖമില്ലെന്ന് പറഞ്ഞ് ഹാജരായില്ല. ഇതോടെയാണ് കസ്റ്റംസ് സ്പീക്കറുടെ വസതിയിൽ നേരിട്ടെത്തി അദ്ദേഹത്തെ ചോദ്യം ചെയ്തത്.
യു എ ഇ കോൺസുൽ ജനറൽ മുഖേന നടത്തിയ ഡോളർ കടത്തിൽ സ്പീക്കർക്കും പങ്കുണ്ടെന്ന സ്വപ്നയുടെയും സരിതിൻ്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്തത്. ഗൾഫ് മേഖലയിലെ സ്വകാര്യ ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്പീക്കർക്ക് നിക്ഷേപം ഉണ്ടെന്നും ഡോളർക്കടത്ത് സ്പീക്കറും അറിഞ്ഞുകൊണ്ടാണെന്നുമായിരുന്നു പ്രതികൾ മൊഴി നൽകിയത്.
Post Your Comments