Latest NewsKeralaNews

കഴുത്തിൽ തോർത്തുമിട്ട് മുറ്റത്ത് നിൽക്കുകയാണ് രാജേട്ടൻ; കുമ്മനമെന്ന നിഷ്കളങ്ക മനുഷ്യനെ കുറിച്ച് മുൻ എസ്എഫ്ഐ പ്രവർത്തകൻ

നേമത്തെ എൻ ഡി എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ പുകഴ്ത്തി മുൻ എസ് എഫ് ഐ പ്രവർത്തകൻ കെ എം ഹിലാൽ. ആലപ്പുഴ ലീയോ തേർട്ടീന്ത് ഹൈസ്ക്കൂളിലെ എസ്എഫ്ഐയുടെ ആദ്യ യൂണിറ്റ് സെക്രട്ടറിയായി ഇരിക്കുമ്പോഴുണ്ടായ അനുഭവമാണ് ഹിലാൽ ഫേസ്ബുക്കിൽ പങ്കുവെച്ചത്. വർഗ്ഗീയ വിഷം ചീറ്റുന്ന സംഘ പരിവാർ ഭീകരൻ എന്നായിരുന്നു ആദ്യമൊക്കെ കുമ്മാനത്തെ കുറിച്ച് കേട്ടിരുന്നതെന്ന് അദ്ദേഹം കുറിച്ചു. പിന്നീട് അദ്ദേഹത്തെ അടുത്തറിയുകയും കുമ്മനത്തിൻ്റെ നന്മകൾ തൊട്ടറിയാൻ ഭാഗ്യം സിദ്ധിച്ചു എന്നത് ഒരു അഭിമാനമായി തന്നെ കാണുന്നുവെന്നും ഹിലാൽ പോസ്റ്റിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

“വർഗ്ഗീയ വിഷം ചീറ്റുന്ന സംഘ പരിവാർ ഭീകരൻ”
ഇങ്ങനെയാണ് രാജേട്ടനെ കുറിച്ച് ആദ്യം കേട്ടത്.
അന്ന് ഞാൻ SFI ഭാരവാഹി ഒക്കെ ആയിരുന്നു. പക്ഷേ നീതിബോധം കൈവിടാൻ പലപ്പോഴും എനിക്ക് മനസ്സ് വന്നിട്ടില്ല. ഞാൻ ആലപ്പുഴ ലീയോ തേർട്ടീന്ത് ഹൈസ്ക്കൂളിലെ SFI യുടെ ആദ്യ യൂണിറ്റ് സെക്രട്ടറിയായി ഇരിക്കുമ്പോഴാണ് ആദ്യമായി പഠന ക്യാമ്പിൽ പങ്കെടുക്കുന്നത്. അന്നത്തെ ജില്ലാ പ്രസിഡൻ്റ് ടി.ജെ.ആഞ്ചലോസ് SFI പരിപാടിയെയും ഭരണഘടനയെയും കുറിച്ച് ക്ലാസെടുത്തപ്പോൾ ആദ്യം പറഞ്ഞത് ”SFI ഒരു സ്വതന്ത്ര വിദ്യാർത്ഥി സംഘടനയാണ്, ഒരു രാഷ്ട്രീയ പാർട്ടിയുടേയും പോഷക സംഘടനയല്ല” എന്നാണ്. നട്ടാൽ കുരുക്കാത്ത നുണയല്ലേ അതെന്ന് അപ്പഴേ തോന്നി! പിന്നീട് നേതാക്കൾ പറയുന്നതെല്ലാം സംശയത്തിൻ്റെ ആനുകൂല്യം കൂടി നൽകിയേ ഞാൻ കേട്ടിരുന്നിട്ടുള്ളൂ.

Also Read:സ്വര്‍ണ വിലയില്‍ വീണ്ടും വർധനവ്; ഒരു പവന്റെ വിലയറിയാം

കോട്ടയത്ത് SFI പ്രവർത്തനം നടത്തുമ്പോഴാണ് രാജേട്ടനെ കുറിച്ച് മേൽപ്പറഞ്ഞ വാചകം കേൾക്കുന്നത്. അതും ഞാൻ അപ്പാടെ വിശ്വസിച്ചില്ല. അതിന് മറ്റൊരു കാരണമുണ്ട്. രാജേട്ടൻ്റെ ബന്ധുവായ ഒരാൾ എൻ്റെ ക്ലാസ് മേറ്റും SFI പ്രവർത്തകനുമായിരുന്നു. അവൻ അദ്ദേഹത്തിൻ്റെ നന്മകളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഞാൻ ബസേലിയസ് കോളജിൽ SFI പ്രവർത്തകനായിരുന്നപ്പോൾ കോട്ടയം കാരാപ്പുഴയിലെ RSS പ്രവർത്തകനും ABVP യുടെ കോളജിലെ നേതാവുമായ ( Sabu Pkson ) PK സാബുവുമൊത്ത് പലപ്പോഴും നടന്നാണ് കോളജിൽ പൊയ്ക്കോണ്ടിരുന്നത്. പോകും വഴി മിക്കവാറും ദിവസവും RSS കാര്യാലയത്തിൽ കയറി പായയിൽ ഇരുന്ന് കുറച്ച് സമയം ജന്മഭൂമി, കേസരി തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ വായിക്കാറുമുണ്ട്.

അങ്ങനെ ഒരു ദിവസമാണ് രാജേട്ടനെ ആദ്യമായി കണ്ടത്. കഴുത്തിൽ ഒരു തോർത്തുമിട്ട് മുറ്റത്ത് നിൽക്കുകയായിരുന്നു അദ്ദേഹം. ഇതാണ് കുമ്മനമെന്ന് സാബു പറഞ്ഞപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. ”ഇതാരാ ?” എന്ന് അദ്ദേഹം ചോദിച്ചപ്പോൾ “ഒരു SFIക്കാരനാണ്, എൻ്റെ കോളേജിലാണ് പഠിക്കുന്നത് ” എന്ന് സാബു മറുപടി പറഞ്ഞു.
ങ്ഹാ… ങ്ഹാ… എന്ന് സ്നേഹത്തോടെ അദ്ദേഹം പ്രതികരിച്ചു.
“എങ്ങനെയുണ്ട്, കോളേജിൽ SFI ഒക്കെ?” എന്ന് അദ്ദേഹം ചോദിച്ചു.
”വളരെ സ്ട്രോങ്ങ് ആണ് ” എന്ന് ഞാൻ ഉത്തരം പറഞ്ഞു.
”ങ്ഹാ… ങ്ഹാ…” എന്ന് വീണ്ടും പറഞ്ഞു.
അതിന് ശേഷം പല പൊതു വേദികളിലും പത്രമാധ്യമങ്ങളിലും രാജേട്ടനെ കണ്ടു. നിഷ്കളങ്കമായ ആ മുളലാണ് എപ്പോഴും ഓർമ്മ വന്നത്.

Also Read:മുഖ്യമന്ത്രി ഉപയോഗിക്കുന്ന മാസ്ക് ഫലപ്രദമല്ല? പിണറായി വിജയന് കൊവിഡ് വരാനുണ്ടായ 3 കാരണങ്ങൾ

പിന്നീട് വളരെ വർഷങ്ങൾക്ക് ശേഷം ‘ഏകൽ വിദ്യാലയ’യുടെ ചുമതലക്കാരനായ അഭിലാഷ് എന്നെക്കുറിച്ച് രാജേട്ടനോട് പറഞ്ഞപ്പോൾ എന്നെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2008 ജനുവരിയിലെ ഒരു രാത്രി 10 മണിക്കാണ് ഞാൻ കോട്ടയത്തെ പുതിയ RSS കാര്യാലയത്തിൽ വെച്ച് കൂടി കണ്ടത്. കൃഷിയെ കുറിച്ചും പ്രകൃതിയെ കുറിച്ചുമൊക്കെ ദീർഘമായി സംസാരിച്ചു. അവിടെ കിടന്നുറങ്ങിയിരുന്ന ചിലരെ വിളിച്ചുണർത്തി അദ്ദേഹം ഞങ്ങളുടെ സംസാരം ശ്രവിപ്പിച്ചു. ഏകദേശം രണ്ട് മണിയായപ്പോഴാണ് പിരിഞ്ഞത്.
അന്ന് മുതൽ നിരന്തരമായി പലസ്ഥലങ്ങളിലും രാജേട്ടനെ കൂടി കാണുകയും ആറന്മുളയിലടക്കം പല സ്ഥലങ്ങളിലും എൻ്റെ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു അദ്ദേഹം. പല ക്ലാസുകളിലും ഒരു പേനയും നോട്ട് ബുക്കുമായി വന്ന് മുഴുവൻ സമയവും മുന്നിൽ ഇരുന്നു. കോട്ടയം മാമ്മൻമാപ്പിള ഹാളിൽ ഒരു സംഘടന നടത്തിയ പരിപാടിയിൽ എൻ്റെ ക്ലാസ്സ് കേൾക്കാൻ മുന്നിൽ തന്നെ ഇരുന്ന രാജേട്ടൻ്റെ മൊബൈൽ ഫോൺ ആരോ മോഷ്ടിച്ച് കൊണ്ടുപോയി. വളരെ വിഷണ്ണനായ ആ മുഖം എന്നിലും സങ്കടമുണ്ടാക്കി.

കേരളത്തിൽ വിഷ രഹിത കൃഷി പ്രചരിപ്പിക്കുന്നതിനും നിർവഹിക്കുന്നതിനും അദ്ദേഹം നൽകിയ സഹായങ്ങൾക്ക് കയ്യും കണക്കുമില്ല…. ഓരോ പരിപാടികൾക്കും RSSൻ്റെയും പരിവാർ സംഘടനകളുടെയും നിസ്സീമമായ പിന്തുണ ഉറപ്പുവരുത്താൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. “വർഗ്ഗീയ വിഷം ചീറ്റുന്ന സംഘ പരിവാർ ഭീകരനായ” അദ്ദേഹത്തിൻ്റെ നന്മകൾ തൊട്ടറിയാൻ ഭാഗ്യം സിദ്ധിച്ചു എന്നത് ഒരു അഭിമാനമായി തന്നെ കാണുന്നു….
രാജേട്ടൻ്റെ നന്മ നിറഞ്ഞ ജീവിതം ഈ കെട്ട കാലത്തെ നന്മയിലേക്ക് നയിക്കാൻ ഒരു പാട് പേർക്ക് പ്രചോദനമാണ്…

https://www.facebook.com/naturehilal/posts/4404801749548210

shortlink

Related Articles

Post Your Comments

Related Articles


Back to top button