ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ആദ്യ പാദ മത്സരത്തിൽ പിഎസ്ജിക്ക് തകർപ്പൻ ജയം. നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ കണക്കു തീർക്കാം എന്ന പ്രതീക്ഷയോടെയാണ് പിഎസ്ജി കളത്തിലിറങ്ങിയത്. ലെവൻഡോസ്‌കിയും ഗ്നാബറിയും ഇല്ലാതെ പിഎസ്ജി നേരിട്ട ബയേൺ പതിവുപോലെ ശക്തമായിരുന്നില്ല.
കളിയുടെ മൂന്നാം മിനുട്ടിൽ തന്നെ പിഎസ്ജി മുന്നിലെത്തി. ഒരു കൗണ്ടർ അറ്റാക്കിലുടെ നെയ്മർ എംബപ്പെയ്ക്ക് പാസ് നൽകി. അവസരം മുതലെടുത്ത എംബപ്പെ ബയേണിന്റെ വല തുളച്ച് പിഎസ്ജിയ്ക്ക് ആദ്യ ലീഡ് നൽകി.
മറുപടി ഗോളിനായി മുന്നേറ്റം നടത്തിയ ബയേണിന് തിരിച്ചടിയായി 28-ാം മിനുട്ടിൽ ക്യാപ്റ്റൻ മാർകിനസ് പിഎസ്ജിയുടെ ലീഡ് ഇരട്ടിയാക്കി. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് നെയ്മറായിരുന്നു. എന്നാൽ 37-ാം മിനുട്ടിൽ ചൗപൊമ്മോടിങിന്റെ ഗോളിൽ ബയേൺ കളിയിലേക്ക് തിരികെ എത്തി. രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചെത്തിയ ബയേൺ 60-ാം മിനുട്ടിൽ മുള്ളറിലൂടെ സമനില നേടി. എന്നാൽ ബയേണിന്റെ സമനില ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പേ 68-ാം മിനുട്ടിൽ എംബപ്പെ പിഎസ്ജിയുടെ വിജയ ഗോൾ നേടി.
Post Your Comments