നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു.
69 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. എട്ടു മാസമായി മസ്തിഷ്കജ്വരത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘വണ്ണില്‍’ പ്രതിപക്ഷ എം.എല്‍.എ.യുടെ വേഷം ചെയ്തിരുന്നു. വൈക്കം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ആയിരുന്ന ശ്രീലതയാണ് ഭാര്യ. ശ്രീകാന്ത്, പാര്‍വതി എന്നിവര്‍ മക്കളാണ്. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് വൈക്കത്ത് വീട്ടുവളപ്പില്‍ നടക്കും.
‘പി. ബാലചന്ദ്രന്‍ നാടകം’ എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ ‘ബാലേട്ടന്‍’ എന്ന പേര് കൂടി ചേര്‍ത്തിട്ടുണ്ട് അതിന്റെ ഉടമ. മലയാളി പ്രേക്ഷകന്റെ ഓര്‍മ്മയില്‍ താങ്ങി നില്‍ക്കുന്ന ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച പി. ബാലചന്ദ്രന്‍ അത്രയധികം നെഞ്ചോടു ചേര്‍ത്ത സ്നേഹം നിറഞ്ഞ വിളിയായിരുന്നു അത്. മൂന്നു പതിറ്റാണ്ടുകാലം അധ്യാപകനായിരുന്ന എം.ജി. സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ പോലും അദ്ദേഹം ഏവര്‍ക്കും പ്രിയങ്കരനായ ‘ബാലേട്ടന്‍’ തന്നെയായിരുന്നു.
2012ല്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നിന്നും പടിയിറങ്ങിയ വേളയില്‍ ഭാര്യ ശ്രീലതയ്‌ക്കൊപ്പം പങ്കെടുത്ത ‘ബാലേട്ടന്’ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് മികച്ച യാത്രയയപ്പാണ് നല്‍കിയത്. പി. ബാലചന്ദ്രനെ കുറിച്ച് വിദ്യാര്‍ത്ഥിയായ പി.ജെ. സജിന്‍ നിര്‍മ്മിച്ച ‘വിഷ്വല്‍ മെമ്മോയിര്‍: ദി സിനിമാറ്റിക് ലൈഫ് ഓഫ് എ ഡ്രമാറ്റിസ്റ്റ്’ എന്ന ഡോക്യുമെന്ററി ആ വേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സ്ക്കൂള്‍ ഓഫ് ഡ്രാമയിലായിരിക്കെ ഒരുക്കിയ അദ്ദേഹത്തിന്റെ തന്നെ നാടകം ‘സമരയിലേക്ക്’ ആ വേളയില്‍ വീണ്ടും അരങ്ങിലെത്തി. ഒപ്പം തന്നെ അദ്ദേഹം രചിച്ച ചിത്രമായ ‘പവിത്രവും’ സ്‌ക്രീനില്‍ തെളിഞ്ഞു.
കണ്ടും കേട്ടും മതിവരാത്ത എത്രേയുമേറെ കഥകള്‍ ബാക്കി വച്ച ബാലചന്ദ്രന്റെ വിയോഗവര്‍ത്ത ഞെട്ടലോടെയാണ് കലാകേരളം കേട്ടത്.
ശാസ്താംകോട്ട സ്വദേശിയായ അദ്ദേഹം ‘പാവം ഉസ്മാന്‍’ എന്ന നാടകത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. 1989ലെ കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം, കേരള പ്രൊഫഷണല്‍ നാടക പുരസ്‌കാരം എന്നിവ ലഭിച്ചു. സ്കൂള്‍ ഓഫ് ഡ്രാമാ വിദ്യാര്‍ത്ഥിയായിരുന്ന ബാലചന്ദ്രന്‍, എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ അദ്ധ്യാപകനായിരുന്നു. ഏകാകി, ലഗോ, തീയേറ്റര്‍ തെറാപ്പി, ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്സ്വാന്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു.
ഭദ്രന്റെ സംവിധാനം ചെയ്ത ‘അങ്കിള്‍ ബണ്‍’ എന്ന സിനിമയാണ് തിരക്കഥാകൃത്ത് എന്ന നിലയില്‍ ആദ്യം പുറത്തിറങ്ങിയ സിനിമ. പിന്നീട് ശ്രദ്ധേയമായ ചിത്രങ്ങളുടെ പിന്നണി പ്രവര്‍ത്തകനായായിരുന്നു. ഉള്ളടക്കം, പവിത്രം, തച്ചോളി വര്‍ഗീസ് ചേകവര്‍, മാനസം, കല്ല് കൊണ്ടൊരു പെണ്ണ്, പുനരധിവാസം, പോലീസ്, ഇവന്‍ മേഘരൂപന്‍, കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയന്‍ തുടങ്ങിയ സിനിമകള്‍ അദ്ദേഹത്തിന്റെ രചനയാണ്. 2012ല്‍ റിലീസ് ചെയ്ത ‘ഇവന്‍ മേഘരൂപനി’ലൂടെ സംവിധായകനായി.
മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ‘പുനരധിവാസം’ മികച്ച കഥയ്ക്കും, മികച്ച നവാഗത സംവിധായകനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടി. 2016ല്‍ തിരക്കഥയെഴുതി രാജീവ് രവി സംവിധാനം ചെയ്ത ‘കമ്മട്ടിപ്പാടം’, നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. നടനെന്ന നിലയില്‍ ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ സിനിമയിലെ കഥാപാത്രം വളരെ ശ്രദ്ധേയമായിരുന്നു.
Post Your Comments