വോട്ടറെ പെൻഷൻ നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വരണാധികാരിയോട് റിപ്പോർട്ട് തേടി ജില്ലാ കളക്ടർ. കായംകുളം മണ്ഡലത്തിൽ 77ാം നമ്പർ ബുത്തിലെ ചേരാവള്ളി തോപ്പിൽ വീട്ടിലാണ് തപാൽ വോട്ടിനിടെ പെൻഷൻ നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതി ഉയർന്നത്. ഇതേത്തുടര്‍ന്നാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയത്.
സഹകരണ ബാങ്കിലെ ജീവനക്കാരാണ് തപാൽ വോട്ടെടുപ്പ് സമയത്ത് പെൻഷൻ നൽകാനെത്തി വോട്ടറെ സ്വാധീനിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ യു.ഡി.എഫ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി കളക്ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വരണാധികാരിയോട് റിപ്പോർട്ട് തേടിയതായി ജില്ലാ കളക്ടർ എ.അലക്‌സാണ്ടർ വ്യക്തമാക്കി. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയുണ്ടാകും. തപാൽ വോട്ടിനൊപ്പം പെൻഷനും വിതരണം ചെയ്ത് സ്വാധീനിക്കാൻ ശ്രമമുണ്ടായെന്ന് കുടുംബവും ആരോപിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങളടക്കമുള്ള പരാതിയാണ് യുഡിഎഫ് നല്‍കിയത്. രണ്ടു മാസത്തെ പെൻഷൻ ഉണ്ടെന്നും സർക്കാർ അധികാരത്തിൽ വന്നാൽ അടുത്തമാസം മുതൽ പെൻഷൻ തുക 2500 രൂപയുണ്ടാകുമെന്നും പറയുന്നത് വീഡിയോയിൽ കേൾക്കാം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് ഇതെന്ന് യു.ഡി.എഫ് ആരോപിച്ചു.
Post Your Comments