അബുദാബി : കളഞ്ഞു കിട്ടിയ വന്‍ തുക പൊലീസില്‍ ഏല്‍പ്പിച്ച് സത്യസന്ധത കാണിച്ച മലയാളി യുവാവിനെ ആദരിച്ച് അബുദാബി പൊലീസ്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ അബ്ദുല്‍ ഹക്കീമാണ് ഏവര്‍ക്കും മാതൃകയായത്. ഇദ്ദേഹം അബുദാബി യാസ് ഐലന്‍ഡ് അഡ്‌നോക് പെട്രോള്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുകയാണ്. പെട്രോള്‍ പമ്പിലെ ശുചിമുറിയില്‍ നിന്നാണ് വന്‍ തുകയുടെ നോട്ടു കെട്ട് ഹക്കീമിന് ലഭിച്ചത്.
ഹക്കീം ഉടന്‍ തന്നെ പട്രോളിങ് പൊലീസിനെ വിവരമറിയിച്ചു. ഇവരുടെ നിര്‍ദ്ദേശ പ്രകാരം യാസ് ഐലന്‍ഡിലെ പൊലീസ് സ്റ്റേഷനിലെത്തി തുക കൈമാറി. തുടര്‍ന്ന് യഥാര്‍ഥ ഉടമയെ കണ്ടെത്തി പൊലീസ് തുക കൈമാറി. സുരക്ഷാ ക്യാമറ ഇല്ലാത്ത സ്ഥലത്തു നിന്ന് പണം കളഞ്ഞു കിട്ടിയ വിവരം മറ്റാരും അറിഞ്ഞിരുന്നില്ല. എന്നിട്ടും തുക യഥാര്‍ത്ഥ ഉടമയ്ക്ക് നല്‍കാന്‍ ഹക്കീം തീരുമാനിയ്ക്കുകയായിരുന്നു.
പണം നഷ്ടപ്പെട്ട ഉടമയായ ഇറാനി പെട്രോള്‍ സ്റ്റേഷനില്‍ നേരിട്ടെത്തി ഹക്കീമിനെ കണ്ടിരുന്നു. വലിയൊരു തുക തിരിച്ചു നല്‍കാന്‍ സന്മനസു കാട്ടിയ ഹക്കീമിന് ഇദ്ദേഹം ഉപഹാരം നല്‍കി. പണം നഷ്ടപ്പെട്ടിട്ടും അന്വേഷിച്ച് പമ്പില്‍ എത്താതിരുന്നതിനെ കുറിച്ചു ചോദിച്ചപ്പോള്‍ ദുബായ് ഉള്‍പ്പെടെ ഒട്ടേറെ സ്ഥലങ്ങളില്‍ പോയതിനാല്‍ മറന്നു പോയതാണെന്നായിരുന്നു ഇറാനി പറഞ്ഞത്. ഹക്കീമിന്റെ സത്യസന്ധതയ്ക്ക് പൊലീസ് ആസ്ഥാനത്തേക്കു വിളിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് എക്‌സ്റ്റേണല്‍ ഏരിയയുടെ ക്രിമിനല്‍ സുരക്ഷാ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുബാറക് സെയ്ഫ് അല്‍ സബൗസിയും ഒരു ഉപഹാരം സമ്മാനിച്ചു.
Post Your Comments