ഇടുക്കി: കോൺഗ്രസിൻ്റെ യുവനേതാവ് രാഹുൽ ഗാന്ധിക്കെതിരെ വ്യക്തിപരമായി അധിക്ഷേപമുയർത്തിയ ഇടുക്കി മുൻ എം പി ജോയ്സ് ജോർജിന് പിന്തുണയുമായി എം എം മണി. ജോയ്സ് രാഹുലിനെ വിമർശിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും എം എം മണി പറഞ്ഞു. താനും ആ വേദിയിൽ ഉണ്ടായിരുന്നു. കോൺഗ്രസ് അനാവശ്യ വിവാദം ഉണ്ടാക്കി വോട്ട് പിടിക്കാൻ ശ്രമിക്കുകയാണെന്നും എം എം മണി പറഞ്ഞു.
രാഹുലിൻ്റെ വിദ്യാർത്ഥി സംവാദത്തെ കുറിച്ചായിരുന്നു ജോയിസിൻ്റെ അധിക്ഷേപ പരാമർശം. മന്ത്രി എംഎം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഇടുക്കി ഇരട്ടയാറിലെ പ്രസംഗിക്കവെയാണ് വിവാദ പരാമര്‍ശം. ‘പെൺകുട്ടികളുള്ള കോളേജിൽ മാത്രമേ പോകുവൊള്ളു. അവിടെ ചെന്നിട്ട് പെമ്പിള്ളാരെ വളഞ്ഞു നിൽക്കാനും നിവർന്നു നിൽക്കാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ രാഹുൽ ഗാന്ധിയുടെ മുന്നിൽ വളയാനും കുനിയാനും ഒന്നു പോയേക്കല്ല്. അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല. അപ്പോ, അതുകൊണ്ട് അതൊക്കെ ശ്രദ്ധിക്കണം. അല്ല, ഇതൊക്കെയാണ് പുള്ളിയുടെ പരിപാടി. ഇങ്ങനത്തെ പരിപാടിയായിട്ട് ഈ പുള്ളി നടക്കുവാ’ – ഇതായിരുന്നു രാഹുൽ ഗാന്ധിയെയും വിദ്യാർത്ഥിനികളെയും അപമാനിച്ച് ജോയ്സ് ജോർജ് പറഞ്ഞത്.
ജോയ്സിൻ്റെ പരാമർശം വേദിയിൽ കൂട്ടച്ചിരി ഉണർത്തി. മുൻ എം പിയെ തിരുത്താൻ എം എം മണി അടക്കമുള്ളവർ ശ്രമിച്ചില്ല, പകരം അധിക്ഷേപ പരാമർശം കേട്ടതും പൊട്ടിച്ചിരിക്കുകയായിരുന്നു. ജോയ്സ് മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
Post Your Comments