
തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ വാശിയേറിയ മത്സരമാണ് നടക്കുന്നത്. ത്രികോണമത്സരത്തിൽ ആർക്കാണ് വിജയം എന്ന് പ്രവചിക്കാൻ പോലും പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതിനിടെ വോട്ടര്‍പ്പട്ടികയില്‍ മരിച്ചുപോയ ആള്‍ക്കും ഇരട്ടവോട്ട് കണ്ടെത്തി. ഒരു വര്‍ഷം മുമ്പ് മരിച്ച ധര്‍മജന്‍ എന്ന വ്യക്തിക്ക് സ്വന്തം പേരില്‍ ഒരു ബൂത്തിലും മറ്റൊരുപേരില്‍ അതേ ഫോട്ടോയില്‍ തന്നെ വേറെ ഒരു വോട്ടുമാണുള്ളത്.
അതോടൊപ്പം ഒരേ ഫോട്ടോ ഉപയോഗിച്ച് പലപേരില്‍ ചില ബൂത്തില്‍ അഞ്ഞൂറിലേറെ വോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. വോട്ടര്‍പട്ടികയുടെ വിശദാംശങ്ങളോടെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും ഇരട്ട വോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്.എസ്. ലാല്‍ പറഞ്ഞു. അതേസമയം എസ്എസ് ലാലിനും ഇരട്ടവോട്ടുണ്ടെന്നതാണ് മറ്റൊരു ആരോപണം.
കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ കുളത്തൂരില്‍ താമസിച്ചിരുന്ന വ്യക്തിയാണ് ധര്‍മജന്‍. അദ്ദേഹത്തിന്റെ കുളത്തൂര്‍ പോസ്റ്റോഫീസ് പരിധിയിലെ സ്ഥിരം മേല്‍വിലാസത്തിലുള്ള വോട്ട് ഇപ്പോഴും വോട്ടര്‍പട്ടികയിലുണ്ട്. ധര്‍മജന്റെ അച്ഛന്റെ പേര് നാരായണന്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇതേ വ്യക്തിയുടെ പടം ഉപയോഗിച്ച് ജയേന്ദ്രന്‍ എന്ന പേരില്‍ കണിയാവിളാകം എന്ന മേല്‍വിലാസത്തില്‍ മറ്റൊരു വോട്ടുമാണ് കണ്ടെത്തിയത്. എന്നാല്‍ അച്ഛന്റെ പേര് ചെല്ലമ്മ എന്നാണ് പട്ടികയിലുള്ളത്.
Post Your Comments