നീല, വെള്ള കാർഡ് ഉടമകൾക്ക് പത്തുകിലോ അരി 15 രൂപ നിരക്കിൽ വിതരണം ചെയ്യുന്ന സ്പെഷ്യൽ അരിവിതരണം വിലക്കിയ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ നിയമപടി സ്വീകരിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അരി വിതരണംചെയ്യാൻ തിരഞ്ഞെടുപ്പുവിജ്ഞാപനം വരുന്നതിനുമുമ്പുതന്നെ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും ഉത്തരവിറക്കുകയും ചെയ്തിരുന്നു.
എന്നാൽ, അരി എത്തിക്കാൻ കാലതാമസമുണ്ടായതോടെ വിതരണം വൈകുകയായിരുന്നു. വിതരണാനുമതിതേടി സർക്കാർ തിരഞ്ഞടുപ്പുകമ്മിഷനെ സമീപിച്ചപ്പോഴാണ് കമ്മിഷൻ വിതരണം വിലക്കിയത്. വിഷുവും ഈസ്റ്ററും കണക്കിലെടുത്ത് സ്കൂൾ കുട്ടികൾക്കുള്ള അരി, സൗജന്യകിറ്റ് എന്നിവ നേരത്തേ നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതിലും തിരഞ്ഞടുപ്പുകമ്മിഷൻ സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.
അരിവിതരണം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. അതേസമയം മാർച്ച് അവസാനം നൽകാനിരുന്ന വിഷുവിനുള്ള കിറ്റ് വിതരണം ഏപ്രിൽ ഒന്നിലേക്ക് മാറ്റാൻ സർക്കാർ തീരുമാനിച്ചു.
Post Your Comments