പാലക്കാട് : തന്നെ വിജയിപ്പിച്ചാല്‍ പാലക്കാടിനെ രണ്ട് വര്‍ഷത്തിനകം ഇന്ത്യയിലെ തന്നെ മികച്ച നിയോജകമണ്ഡലമാക്കി മാറ്റുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന്‍. നല്ല റോഡുകളും മികച്ച ഗതാഗത സംവിധാനവും മേന്മയേറിയ മാലിന്യ സംസ്‌കരണ സംവിധാനവും മികച്ച ജലവിതരണവുമാണ് പാലക്കാട്ടുളള ജനങ്ങള്‍ക്ക് വേണ്ടതെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.
വിദ്യാഭ്യാസത്തില്‍ മുന്നില്‍ നില്‍ക്കുന്നെങ്കിലും ജനങ്ങള്‍ ജോലിയില്ലാതെ വലയുന്നതിലും കേരളം മുന്നിലാണ്. ഇതിന് കാരണം ഇവിടെ ആവശ്യത്തിന് വ്യവസായങ്ങള്‍ ഉയര്‍ന്നുവരാത്തതാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കും.മറ്റ് നാടുകളില്‍ ജോലി നോക്കുന്ന പാലക്കാട് ജില്ലക്കാരായ പലരും ഈ ന്യൂനത ചൂണ്ടിക്കാട്ടിയിരുന്നു എന്നും ഇ.ശ്രീധരന്‍ പറഞ്ഞു.
തനിക്ക് രാജ്യത്ത് വിവിധയിടങ്ങളില്‍ ജോലി നോക്കി അനുഭവമുണ്ട്. രാജ്യത്തിന്റെ അടിസ്ഥാന മേഖലാ വികസനത്തിന് വലിയ പ്രോജക്‌ടുകള്‍ നടപ്പാക്കി ശീലവുമുണ്ട്. ഈ അനുഭവങ്ങള്‍ ഉപയോഗിച്ച് തന്റെ നാട്ടിലെ ജനങ്ങള്‍ക്ക് കൂടുതല്‍ മികച്ച ജീവിത സാഹചര്യം നല്‍കാനാണ് രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചതെന്ന് ശ്രീധരന്‍ വ്യക്തമാക്കുന്നു.
2011ല്‍ കേരളത്തിലെത്തിയ ശേഷം ഇടത്, വലത് സര്‍ക്കാരുകള്‍ക്ക് കീഴില്‍ താന്‍ പ്രവര്‍ത്തിച്ചു. ഇരു മുന്നണികളെയും അലട്ടിയിരുന്ന വിഷയം വികസനമല്ല അടുത്ത തിരഞ്ഞെടുപ്പിനെ കുറിച്ച് മാത്രമാണ്. രാജ്യത്തിന്റെ വികസനത്തിനും സുരക്ഷയ്‌ക്കും മുന്‍തൂക്കം നല്‍കുന്ന പാര്‍ട്ടി ബിജെപിയാണെന്ന് അങ്ങനെ ബോദ്ധ്യപ്പെട്ടു. ഇവിടെ മറ്റ് മുന്നണിയിലെ പോലെ ജനങ്ങള്‍ തമ്മില്‍ വര്‍ഗീയ ചേരിതിരിവില്ല, എല്ലാവരും ദേശസ്‌നേഹികളുമാണ്. അതാണ് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കാരണമെന്നും ഇ.ശ്രീധരന്‍ വ്യക്തമാക്കി.
Post Your Comments