കൊച്ചി : ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രചാരണ പരിപാടികള്‍ക്ക് കുടുംബശ്രീ അംഗങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയുമായി യുഡിഎഫ്. ഇന്നലെ മുതല്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ഇടതു മുന്നണി സ്ഥാനാര്‍ഥി ഷെല്‍ന നിഷാദിന്റെ പ്രചാരണത്തിന്റെ ഭാഗമായി ആലുവയില്‍ തിങ്കളാഴ്ച രാവിലെ കെ കെ ശൈലജ പങ്കെടുക്കുന്ന യോഗത്തിന് ആളെ കൂട്ടാനായി കുടുംബശ്രീ അംഗങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് യുഡിഎഫ് പരാതിയില്‍ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ യോഗമാണിതെന്നും അടിയന്തിരമായി
തടയണമെന്നും യുഡിഎഫ് പരാതിയില്‍ വ്യക്തമാക്കുന്നു.
കുടുംബശ്രീ അംഗങ്ങളുടെ പെന്‍ഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ആലുവയില്‍ യോഗം വിളിച്ചിട്ടുണ്ടെന്നും പെന്‍ഷന്‍ സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും ഇവിടെ ചര്‍ച്ച ചെയ്യാമെന്നുമാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നതെന്നാണ് യുഡിഎഫ് ആരോപിയ്ക്കുന്നത്. ഓരോ കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും മൂന്നു പേര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നും ശബ്ദ സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും യുഡിഎഫ് ആരോപിക്കുന്നു.
Post Your Comments