തിരുവനന്തപുരം : തിരഞ്ഞെടുപ്പിനായി രണ്ടരയാഴ്ച്ച മാത്രം ബാക്കി നില്‍ക്കെ പ്രചാരണ തന്ത്രങ്ങളില്‍ യുഡിഎഫ് ബഹുദൂരം പിന്നിലാണെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസിന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുകയാണ്. മുന്നണിയുടെ പ്രചാരണത്തിന് അടുക്കും ചിട്ടയും വന്നിട്ടില്ലെന്നാണ് ഹൈക്കമാന്‍ഡിന് കിട്ടിയിരിക്കുന്ന റിപ്പോര്‍ട്ട്.
സോഷ്യല്‍ മീഡിയ ക്യാമ്പയിനിലടക്കം യുഡിഎഫ് പിന്നിലാണെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇറക്കിയ പരസ്യ ക്യാമ്പയിനുകളിലും ഇടതു മുന്നണി ബഹുദൂരം മുന്നിലാണ്. വികസനം മാത്രം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുന്ന ഇടതു മുന്നണിയെ തളച്ചിടാന്‍ യുഡിഎഫിനാകുന്നില്ലെന്നും പാര്‍ട്ടി നേതൃത്വം പറയുന്നു.
മദ്ധ്യതിരുവിതാംകൂറില്‍ പ്രചാരണം ശക്തമാക്കാനാണ് നേതാക്കളെ ഹൈക്കമാന്‍ഡ് അറിയിച്ചിരിക്കുന്നത്. തൊണ്ണൂറോളം സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ഏറ്റവും ചുരുങ്ങിയത് അമ്പത് സീറ്റെങ്കിലും നേടാതെ രക്ഷയില്ലെന്നാണ് ദേശീയ നേതൃത്വം നേരത്തെ തന്നെ അറിയിച്ചിരുന്നത്. യുവാക്കള്‍ക്കും സമൂഹത്തിന്റെ വിവിധ തുറകളിലുളളവര്‍ക്കും പ്രാധാന്യം നല്‍കി വിപ്ലവകരമായ സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇറങ്ങിയതെങ്കിലും പ്രചാരണം ശക്തമാകാതെ കാര്യമില്ലെന്നാണ് കെ.പി.സി.സിക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
Post Your Comments