എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെ തീരുമാനിച്ച ബിജെപി തീരുമാനത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തേറമ്പില്‍ രാധാകൃഷ്ണന്‍. ആരോഗ്യപരമായി സുരേഷ് ഗോപി ഏറെ ബുദ്ധിമുട്ടുകയാണെന്നും ആ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചത് ബിജെപിയുടെ മനുഷ്യത്വമില്ലായ്മയാണെന്നും തേറമ്പില്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇങ്ങനെ ബിജെപി അദ്ദേഹത്തെ കഷ്ടപ്പെടുത്തേണ്ടിയിരുന്നില്ലെന്ന അഭിപ്രായമാണ് തനിക്കെന്നും തേറമ്പില്‍ പറഞ്ഞു.
തേറമ്പില്‍ രാധാകൃഷ്ണന്റെ വാക്കുകൾ: സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായി വരുമെന്നത് കുറെയായി കേള്‍ക്കുന്നതാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ അവരുടെ പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിച്ചതാണ്. സുരേഷ് ഗോപി കഴിഞ്ഞതവണ ഒരു ഓളമുണ്ടാക്കി. ശരിയാണ്. നല്ല നടനാണ്. പക്ഷെ രാഷ്ട്രീയക്കാരനെന്ന നിലയില്‍, തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടില്ല. എന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തെ ഇന്നത്തെ സാഹചര്യത്തില്‍, സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ബന്ധിച്ചത് മനുഷ്യത്വമില്ലായ്മയാണ്. കാരണം ആരോഗ്യപരമായി അദ്ദേഹം ബുദ്ധിമുട്ടുകയാണ്. ഡോക്ടര്‍മാര്‍ തന്നെ അദ്ദേഹത്തിന് വിശ്രമം വേണമെന്ന് പറയുന്ന സാഹചര്യമാണുള്ളത്. അദ്ദേഹം തന്നെ പറഞ്ഞു, പാര്‍ട്ടി നിര്‍ബന്ധിച്ചത് കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നാണ്. ഇങ്ങനെ ബിജെപി അദ്ദേഹത്തെ കഷ്ടപ്പെടുത്തേണ്ടിയിരുന്നില്ലെന്ന അഭിപ്രായമാണ് എനിക്ക്.”
താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറപ്പില്ലെന്ന് സുരേഷ് ഗോപിയും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഒരു മണ്ഡലത്തിലും ആര്‍ക്കും വിജയം ഉറപ്പിക്കാന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പുകള്‍ എളുപ്പമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപി അന്ന് പറഞ്ഞത്: ”തൃശൂര്‍ മണ്ഡലത്തില്‍ വിജയസാധ്യത അല്ല, മത്സര സാധ്യതയാണുള്ളത്. ഒരു മണ്ഡലത്തിലും വിജയസാധ്യത ആര്‍ക്കും ഉറപ്പിക്കാന്‍ സാധിക്കില്ല. കാരണം ഒരു തെരഞ്ഞെടുപ്പും എളുപ്പമല്ല. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് പോലും എളുപ്പമല്ല. ഞാന്‍ മത്സരിക്കണമെന്നത് പാര്‍ട്ടിയുടെ താല്‍പര്യമാണ്.
എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഒരു പാര്‍ട്ടി നേതാവ് എന്ന നിലയിലും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും ആ നിര്‍ദേശം ഞാന്‍ അനുസരിച്ചു. മത്സരിക്കേണ്ട എന്നു തന്നെയാണ് എന്റെ ഇപ്പോഴത്തെയും നിലപാട്. ബിജെപി നാല് മണ്ഡലങ്ങളാണ് മുന്നോട്ട് വച്ചത്. പറയുന്ന എവിടെയും മത്സരിക്കാമെന്നാണ് ഞാന്‍ അറിയിച്ചത്. പക്ഷെ പ്രധാനമന്ത്രിക്ക് ഞാന്‍ തൃശൂരില്‍ മത്സരിക്കണമെന്നായിരുന്നു ആഗ്രഹം.” തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന സൂചനയും സുരേഷ് ഗോപി നല്‍കിയിരുന്നു. തന്റെ സ്ഥാനാര്‍ത്ഥിത്വം 100 ശതമാനം ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും അന്തിമതീരുമാനം ആരോഗ്യസ്ഥിതി കണക്കിലെടുത്തായിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ആരോഗ്യഅവസ്ഥയെക്കുറിച്ച് കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. കേന്ദ്രമന്ത്രിമാരായ മൂന്നു പേര്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞ്.
Post Your Comments