അഹമ്മദാബാദിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കാനിരിക്കുന്ന മൂന്ന് ടി20 മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുമെന്ന് ബിസിസിഐ. മാർച്ച് 16, 18, 20 തീയ്യതികളിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ഈ മത്സരങ്ങൾക്കായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകുമെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ ധനരാജ് നത്വാനി അറിയിച്ചു.
അഞ്ച് മത്സരങ്ങളുടെ പരമ്പര ഇരുടീമുകളും ഓരോ കളി ജയിച്ചു. പരമ്പരയിലെ ആദ്യ ടി20 മത്സരം ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് ജയിച്ചപ്പോൾ രണ്ടാം ടി20 ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചു. ക്യാപ്റ്റൻ വിരാട് കോഹ്ലി ഫോമിലേക്കുയർന്നത് ഇന്ത്യക്ക് ഏറെ ആത്മവിശ്വാസം നൽകും. അരങ്ങേറ്റക്കാരൻ ഇഷാൻ കിഷനും ടീമിൽ പ്രതീക്ഷ നൽകുന്നു.
കഴിഞ്ഞ മത്സരത്തിൽ ഇഷാൻ കിഷന്റെയും ക്യാപ്റ്റൻ കോഹ്ലിയുടെയും ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. അതേസമയം, താളം കണ്ടെത്താൻ കഴിയാത്ത കെഎൽ രാഹുലിന് പകരം രോഹിത് ശർമ ടീമിൽ തിരിച്ചെത്താനാണ് സാധ്യത. ആദ്യ കളിയിൽ ഒരു റൺസെടുത്ത രാഹുൽ രണ്ടാം ടി20യിൽ പൂജ്യത്തിനും പുറത്തായി.
Post Your Comments