തിരുവനന്തപുരം : ബിജെപിയിലെ മുതിര്‍ന്ന നേതാക്കളായ മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യമാണു സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനു ലഭിച്ചതെന്നു ശോഭാ സുരേന്ദ്രന്‍. കേരളത്തിലെ ബിജെപിയെ സംബന്ധിച്ചു ലഭിച്ചിട്ടുള്ള ആദ്യത്തെ അവസരവും സുവര്‍ണാവസരവുമാണ് ഇത്. കെ.ജി മാരാര്‍ക്കോ ഒ.രാജഗോപലിനോ കുമ്മനം രാജശേഖരനോ ആര്‍ക്കും തന്നെ കിട്ടാത്ത സൗഭാഗ്യമാണു സുരേന്ദ്രനു കേന്ദ്ര നേതൃത്വം കനിഞ്ഞു നല്‍കിയിരിക്കുന്നത്. രണ്ടു സീറ്റിലും സുരേന്ദ്രന്‍ വിജയിക്കട്ടേയെന്ന് ആശംസിക്കുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
സീറ്റ് ലഭിക്കാത്തതിനു പിന്നാലെ മഹിള കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ് തല മുണ്ഡനം ചെയ്തതിനെ കുറിച്ചും ശോഭ പ്രതികരിച്ചു. ‘വളരെ വേദനയോടെയാണു ലതിക സുഭാഷിന്റെ വാക്കുകള്‍ കേട്ടത്. അതൊരു നീറുന്ന വേദനയാണ്. രാഷ്ട്രീയ രംഗത്തുള്ള പുരുഷന്മാര്‍ക്ക് പുനര്‍ വിചിന്തനത്തിനു തയ്യാറാകുന്ന സാഹചര്യമാണ് ഈ കാഴ്ചയില്‍ നിന്ന് അവര്‍ക്കു കിട്ടുക എന്ന് കരുതുന്നു’ – ശോഭ പറഞ്ഞു.
‘താന്‍ മത്സരിക്കണം എന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇന്നലെയും പാര്‍ട്ടിയുടെ ഉന്നത നേതാവ് വിളിച്ച് മത്സരരംഗത്തുണ്ടാവണമെന്നും മറ്റെല്ലാം മാറ്റി വയ്ക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. മുഴുവന്‍ ആളുകളുടെയും പട്ടിക വന്നപ്പോള്‍ പേര് എങ്ങനെ ഒഴിവായി എന്ന് അറിയില്ല. ബിജെപിയുടെ പ്രചാരണത്തില്‍ സജീവമായി ഉണ്ടാകും. ഒരുപാട് ബിജെപി അംഗങ്ങള്‍ വിജയിച്ച് നിയമസഭയിലേക്ക് പോകുക എന്നതാണ് ഇപ്പോള്‍ മുന്നിലുള്ളത് ‘- ശോഭ വ്യക്തമാക്കി.
Post Your Comments