Latest NewsKeralaNews

കെ.മുരളീധരന്റെ എതിരാളി കുമ്മനവും പത്മജയ്ക്ക് എതിരാളിയായി സുരേഷ് ഗോപിയും

ലീഡറുടെ രണ്ട് മക്കളേയും വെട്ടിനിരത്താനൊരുങ്ങി ജനങ്ങളുടെ പ്രിയപ്പെട്ട നേതാക്കള്‍

തിരുവനന്തപുരം: തൃശൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പത്മജാ വേണുഗോപാല്‍ മത്സരിക്കാനൊരുങ്ങുമ്പോള്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയാണ് പ്രധാന വെല്ലുവിളി ഉയര്‍ത്തി എതിര്‍ സ്ഥാനത്ത് ഉള്ളത്. നേമത്ത് കെ മുരളീധരന് എതിരെ കുമ്മനം രാജശേഖരനും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുവരും മത്സരിച്ചെങ്കിലും തൃശൂരില്‍ പത്മജയും വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനും കനത്ത തോല്‍വി ഏറ്റുവാങ്ങി. രണ്ടു പേരും അന്ന് കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റിലാണ് മത്സരിച്ചത്. എന്നിട്ടും തോറ്റു. ഇത്തവണ കരുണാകരന്റെ മക്കള്‍ സീറ്റ് പിടിച്ചെടുക്കാനുള്ള ചരിത്ര നിയോഗത്തിലാണ്. നേമത്തെ ബി.ജെ.പി വെല്ലുവിളി സ്വയം ഏറ്റെടുത്താണ് മുരളീധരന്‍ മത്സരത്തിനെത്തുന്നത്. പതിവിന് വിപരീതമായി പത്മജയ്ക്ക് ആരും എതിര് പറഞ്ഞതുമില്ല. അങ്ങനെ കോണ്‍ഗ്രസിലെ എല്ലാവരുടേയും പിന്തുണയോടെ കരുണാകരന്റെ മക്കള്‍ ഇത്തവണ സ്ഥാനാര്‍ത്ഥികളായി.

Read Also : സി.പി.എമ്മിനേയും കോണ്‍ഗ്രസിനേയും നേരിടാന്‍ പുതിയ തന്ത്രങ്ങളുമായി ബി.ജെ.പി

മുരളിയും പത്മജയും രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നത് കരുണാകരന്റെ മോഹമായിരുന്നു. ഇതിന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും എതിരു നില്‍ക്കുകയും ചെയ്തു. മുരളിയെ എംപിയാക്കിയതും കെ.പി.സി.സി അധ്യക്ഷനാക്കിയും കരുണാകരന്റെ തന്ത്രങ്ങളുടെ കരുത്തായിരുന്നു. ഒടുവില്‍ ആന്റണി മന്ത്രിസഭയില്‍ മുരളീധരന്‍ വൈദ്യുതി മന്ത്രിയായി. വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റു. ഇതിനൊപ്പം ലോക്സഭയിലും വോട്ടെടുപ്പ് നടന്നു. അന്ന് എതിര്‍പ്പുകള്‍ അവഗണിച്ച് മകള്‍ പത്മജയെ മുകുന്ദപുരത്ത് ലോക്സഭാ സ്ഥാനാര്‍ത്ഥിയാക്കി.

പക്ഷേ രണ്ടു പേരും തോറ്റു. പിന്നീട് വട്ടിയൂര്‍ക്കാവിലൂടെ മുരളീധരന്‍ വീണ്ടും കേരളാ രാഷ്ട്രീയത്തില്‍ നിറഞ്ഞു. കഴിഞ്ഞ തവണ പത്മജയ്ക്കും മത്സരിക്കാന്‍ അവസരം കിട്ടി. ചെന്നിത്തലയാണ് മുന്‍കൈയെടുത്തത്. രണ്ടാം വട്ടം സഹോദരനും സഹോദരിയും ഒരുമിച്ച് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് തേടി. അപ്പോള്‍ മുരളി ജയിച്ചു. പത്മജ തോറ്റു. ഇത് മൂന്നാം വട്ടമാണ് രണ്ടു പേരും ഒരുമിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മൂന്നാം അങ്കത്തില്‍ രണ്ടു പേരും ജയിക്കുമെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നു. ഒന്നില്‍ പിഴച്ചാല്‍ മൂന്ന്.

ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റില്‍ കുമ്മനം രാജശേഖരന്റെ വെല്ലുവിളിയെയാണ് മുരളി നേരിടുന്നത്. തൃശൂരില്‍ പത്മജയുടെ മുഖ്യ എതിരാളിയായി വന്നതാകട്ടെ സുരേഷ് ഗോപിയും. നേമം പോലെ ബിജെപി ലക്ഷ്യമിടുന്ന വടക്കുനാഥന്റെ മണ്ണ്. മുരളിക്കും പത്മജയ്ക്കും മുന്നിലെ പ്രധാന വെല്ലുവളിയായി ബി.ജെ.പി മാറുന്നു.

കരുണാകര കുടുംബവുമായി ഏറ്റവും അടുത്ത് ബന്ധമുള്ള അഭിനേതാവായിരുന്നു സുരേഷ് ഗോപി. പത്മജയുമായി സഹോദര തുല്യമായ അടുപ്പം. അങ്ങനെ ഈ കുടുംബ സുഹൃത്തുക്കള്‍ തൃശൂരില്‍ വോട്ട് അഭ്യര്‍ത്ഥിക്കുമ്പോള്‍ കൗതുകവും വാശിയും കൂടും. രണ്ട് പേര്‍ക്കും ജയത്തില്‍ കുറഞ്ഞൊന്നും തൃശൂരില്‍ ആഗ്രഹിക്കാനാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button