MollywoodLatest NewsKeralaCinemaNewsEntertainment

കച്ചകെട്ടി മുറുക്കിയ മാധവിയെ കണ്ട് അതിരുവിട്ട കമന്റുകൾ! മാസ് മറുപടി നൽകി മമ്മൂട്ടി; കുറിപ്പ്

മമ്മൂട്ടിയുടെ സൗഹൃദത്തെ കുറിച്ച് വൈറലാകുന്ന കുറിപ്പ്

മമ്മൂട്ടിയുടെ ബലം എന്ന് പറയുന്നത് തന്നെ സൗഹൃദങ്ങളാണ്. ചെറിയ ബന്ധങ്ങൾ പോലും അദ്ദേഹം ഓർത്തുവെയ്ക്കാറുണ്ട്. ഒരിക്കൽ പരിചയപ്പെട്ടവരെ അങ്ങനെ അത്ര പെട്ടന്നൊന്നും മറക്കാനിടയില്ലാത്ത താരമാണ് അദ്ദേഹം. അത്തരത്തിൽ ഷൂട്ടിംഗ് സ്ഥലത്ത് നിന്നും മടങ്ങവേ, വഴിയരികിലെ കടയിൽ വെച്ച് കണ്ട പഴയ സുഹൃത്തിനോട് യാതോരു ജാഡയുമില്ലാതെ വിശേഷങ്ങൾ പങ്കുവെച്ച മമ്മൂട്ടിയെ കുറിച്ചാണ് സാലിഹ് ഹംസ സിനിമ പാരഡിസോ ക്ളബ്ബ് എന്ന കൂട്ടായ്മയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

‘ഒരു വടക്കൻ വീരഗാഥ’യിലെ സൂപ്പർ ഹിറ്റ് ഗാനമായ ‘ചന്ദനലേപ സുഗന്ധം ചൂടിയതാരോ.. കാറ്റോ.. കാമിനിയോ..’ ഗാനരംഗങ്ങളുടെ ഷൂട്ടിംഗ് എന്റെ നാടായ നിലമ്പൂരിലെ (ഇന്നത്തെ ടൂറിസ്റ്റ് സ്പോട്ടായ) ചാലിയാർമുക്കിൽ ആയിരുന്നു. മൂന്ന് നദികൾ കൂടിച്ചേരുന്ന ‘ത്രിവേണി സംഗമം’ പോലെത്തെ മനോഹരമായ സ്ഥലത്ത്, പൊരിവെയിലിൽ രണ്ട് ദിവസങ്ങൾ മുഴുവൻ ചന്തു ചേകവരായ മമ്മൂട്ടിയും ഉണ്ണിയാർച്ചയായ മാധവിയും ഉള്ള പ്രണയരംഗങ്ങൾ ഹരിഹരന്റെ സംവിധാനത്തിൽ ഛായാഗ്രഹകൻ രാമചന്ദ്രബാബു ഭംഗിയായി ഫിലീമിലാക്കി. അന്നൊക്കെ ഷൂട്ടിന് ടേപ്പ് റിക്കോർഡറിൽ പാട്ടിന്റെ കാസറ്റ് ലൗഡ് സ്പീക്കറിലൂടെ പ്ലേ ചെയ്തായിരുന്നു ഷൂട്ട് ചെയ്തിരുന്നത്.

Also Read:രണ്ടുദിവസം പണിമുടക്കുമായി ജീവനക്കാർ ; തുടർച്ചയായി നാല് ദിവസം ബാങ്ക് അവധി

മാധവിയുടെ അൽപ്പ വസ്ത്രധാരണവും മമ്മൂക്കയുടെ പൗരുഷ ശരീരവും വസ്ത്രധാരണവും ഇരുവരുടെയും ഇഴുകിച്ചേർന്നുള്ള പ്രണയരംഗങ്ങളും കാണാൻ വലിയ ആൾക്കൂട്ടം ഉണ്ടായിരുന്നു. (ഞാനന്ന് പത്തിൽ പഠിക്കുന്ന പൊടിമീശക്കാരൻ മാത്രം). ആൾക്കാരുടെ അതിരുവിട്ട കമന്റടികൾക്ക് മമ്മൂക്കയും മാധവിയും കൈവീശി പുഞ്ചിരിക്കുക മാത്രം ചെയ്തു. വെയിലത്ത് അഭിനയിക്കുന്ന മമ്മൂക്ക സഹികെട്ട് ദേഷ്യം അടക്കിപ്പിടിച്ച് ഇടയ്ക്കെപ്പോഴോ അതിരുവിട്ട കമന്റ് വന്നയിടത്ത് നോക്കി പറഞ്ഞു: “ഞങ്ങൾ ഞങ്ങളുടെ ജോലിയാണ് ചെയ്യുന്നേ.. നിങ്ങൾ ഉള്ള ജോലി കളഞ്ഞ് ഞങ്ങളെ കാണാൻ വന്നെങ്കിൽ മിണ്ടാതെ കണ്ട് സഹകരിക്കണം.” അന്നേരം ജനങ്ങൾ ആർത്ത് “മമ്മൂക്കാ..” വിളിയോടെ അടങ്ങി നിന്നു.

ഷൂട്ടിംഗ് കഴിഞ്ഞ് കോസ്റ്റ്യും പോലും മാറാതെ മമ്മൂക്ക കാറിൽ നേരെ ഹോട്ടലിലേക്ക് വിശ്രമിക്കാൻ പോകും വഴി നിലമ്പൂർ ടൂറിസ്റ്റ് ഹോം കെട്ടിടത്തിന്റെ താഴെയുള്ള ജാവിദ് മെഡിക്കൽസ് ഷോപ്പിലിരിക്കുന്ന ഉടമയെ പെട്ടെന്ന് തിരിച്ചറിഞ്ഞ് ഡ്രൈവറോട് കാർ നിർത്താൻ ആവശ്യപ്പെട്ടു! കാറിൽ ചന്തുവിന്റെ കോസ്റ്റ്യുമിൽ ഇരിക്കുന്ന മമ്മൂക്ക കൈകൊട്ടി അൽപ്പം ഉറക്കെ ആ ആളെ വിളിച്ചു. അയാൾ സൂക്ഷിച്ചുനോക്കി. പുരാതനവസ്ത്രങ്ങൾ അണിഞ്ഞ് കാറിലിരിക്കുന്ന മമ്മൂക്കയെ അയാൾക്ക് മനസ്സിലായില്ല. സൂക്ഷിച്ചുനോക്കി. പിടുത്തം കിട്ടുന്നില്ല. ഒന്നാമത് സിനിമ തീരേ കാണാത്തതിനാൽ മമ്മൂട്ടി, മോഹൻലാൽ etc ആരെയും ആ മെഡിക്കൽ ഷോപ്പുടമയ്ക്ക് അറിയില്ല.

Also Read:സരിതയെ കൊലപ്പെടുത്തിയാൽ 90 ദിവസത്തിനുള്ളില്‍ ജയിലില്‍ നിന്നു പുറത്തിറക്കാം; വെളിപ്പെടുത്തലുമായി മകന്‍

മമ്മൂക്ക ഡ്രൈവറോട് എന്തോ പറഞ്ഞിട്ട് അയാളുടെ അടുത്തേക്ക് വിട്ടു. ഡ്രൈവർ, മെഡിക്കൽ ഷോപ്പിൽ നിന്നുകൊണ്ട് തുറിച്ച് നോക്കുന്ന ഉടമയുടെ അടുത്ത് ചെന്ന് “കാറിലിരിക്കുന്നത് നടൻ മമ്മൂട്ടിയാണ്. നിങ്ങളോട് ഒന്ന് അടുത്തേക്ക് ചെല്ലാൻ പറഞ്ഞു”. അന്നേരം പെട്ടെന്ന് ബോധം കിട്ടിയത് പോലെ അയാൾ കാറിനരികിൽ ചെന്നു. മമ്മൂക്ക പരിചിതഭാവത്തിൽ ചിരിച്ചു. “ടാ.. ലത്തീഫെ, സുഖമാണോ? നിനക്കെന്നെ മനസ്സിലായില്ലേ? ഞാനാ മുഹമ്മദ് കുട്ടി, മമ്മൂട്ടി എന്നാണറിയപ്പെടുന്നേ.. നമ്മൾ ഒരുമിച്ച് മഞ്ചേരി ശ്രീധരൻ വക്കീലിന്റെ കീഴിൽ പ്രാക്ടീസ് ചെയ്തവരല്ലേ..”

അയാൾ മമ്മൂക്കയെ തിരിച്ചറിഞ്ഞ സന്തോഷത്തിൽ കടയിലേക്ക് ക്ഷണിച്ചെങ്കിലും ആൾക്കാർ തിരിച്ചറിഞ്ഞ് ചുറ്റും കൂടിയാൽ പ്രശ്‌നാവുംന്നൊക്കെ പറഞ്ഞ് മമ്മൂക്ക കാറിൽ തന്നെയിരുന്നു. ലത്തീഫ്ക്ക പറഞ്ഞു: “അല്ല മുഹമ്മദ് കുട്ടീ.. നമ്മൾ വക്കീൽ പണി പഠിച്ചെങ്കിലും, ഞാൻ മെഡിക്കൽ ഷോപ്പിലും നീയ് സിനിമേലും പെട്ടുപോയി ല്ലേ..? അതുമല്ല, നിന്നെ ഈ പുരാണാവതാര വേഷത്തിൽ കണ്ടാൽ സ്വന്തം ഉമ്മ ഉപ്പ വരെ തിരിച്ചറീല!”

“ഹേയ്.. ഇത് പുരാണ അവതാരമൊന്നുമല്ല. ഇത് ചന്തുവാ.. ചന്തു ചേകവർ” – മമ്മൂക്ക പറഞ്ഞു.

Also Read:പാകിസ്ഥാനിൽ ഒരു കുടുംബത്തിലെ 5 പേരെ കഴുത്തറുത്ത് കൊലപ്പെടുത്തി; പിന്നിൽ മതമൗകിലവാദികളെന്ന് റിപ്പോർട്ട്

മമ്മൂക്ക സ്വതസിദ്ധമായ പല്ലുകൾ കാട്ടിയുള്ള പൊട്ടിച്ചിരിയോടെ കാറിൽ കുലുങ്ങി ഇരുന്നു. അന്നേരം ആളുകൾ ആളെ തിരിച്ചറിഞ്ഞ് കൂടാൻ തുടങ്ങിയതും മമ്മൂക്ക പഴയ സഹപ്രവർത്തകനോട് യാത്ര പറഞ്ഞ് ഡ്രൈവറോട് വണ്ടി അവിടെ നിന്നും എടുക്കാനാവശ്യപ്പെട്ടു. കാർ പോയപ്പോൾ, ഓടിക്കൂടിയ ചിലർ വിശ്വസിക്കാനാവാതെ ലത്തീഫ്ക്കയോട് “ആ പോയത് മമ്മൂട്ടിയല്ലേ?!” എന്ന് ചോദിച്ചപ്പോൾ, “ഹേയ്.. അത് ഏതോ ചന്തു ചേകവരാണ്. തലവേദനയ്ക്കുള്ള ഗുളിക ചോദിച്ച് വന്നതാ..” ലത്തീഫ്ക്ക ശാന്തമായി അറിയിച്ചു.

NB:- ഇത് സംഭവകഥയാണ്. സത്യം അറിയുന്ന ലത്തീഫ്ക്ക വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയി. ജാവിദ് മെഡിക്കൽ ഷോപ്പ് ഇന്നില്ലെങ്കിലും മകൻ ജാവിദ് ഇന്നുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button