KeralaNattuvarthaLatest NewsNews

നിങ്ങൾ പ്രണയിക്കുന്നവരാണോ ? എങ്കിൽ സൂക്ഷിക്കുക.

സാൻ

തുറന്നുപറയാനാറിയാത്ത ഒന്നേയൊന്ന് പ്രണയമാണെന്ന് പ്രണയിച്ചവർക്ക് മാത്രമറിയാവുന്ന ഒരു സത്യം നിലനിൽക്കേ. ഈ ഭൂഗോളത്തിന്റെ ഓരോ അരികുകളും നിലനിൽക്കുന്നത് തന്നെ ഏതൊക്കെയോ ജീവബിന്ദുക്കൾ തമ്മിലുള്ള സ്നേഹപൂർവ്വമായ ഒട്ടിച്ചേരലാണ്.
ലൈലയും മജ്നുവും പോലെ… റോമിയോ യും ജൂലിയറ്റും പോലെ. കാഞ്ചനയും മൊയ്‌ദീനും പോലെ പ്രണയത്തിന്റെ വിത്തുകളെ കെടാതെ സൂക്ഷിച്ച എത്രയോ പേര് ജീവിച്ചിരുന്നതും ജീവിച്ചിരിക്കുന്നതുമായ ഭൂമിയാണ് നമ്മുടേത്.
പ്രണയം നമുക്കൊക്കെ ഓർമ്മകളാണ്. ഭൂതകാലത്തിന്റെ ഇടനാഴികളിലും ഇടവഴികളിലുമെല്ലാം നമ്മളെ പിന്തുടർന്ന പലരും പറയാൻ മടിച്ചു മറന്നു പോയതിന്റെ ഓർമ്മകൾ. പ്രണയത്തിനുമപ്പുറം ഭൂമിയിൽ മറ്റെന്താനുള്ളതല്ലേ. വെളിച്ചം പ്രകാശത്തെ പ്രണയിക്കുന്നത് പോലെ, കടൽ അതിന്റെ തീരത്തെ പ്രണയിക്കുന്നത് പോലെ.ഇലകൾ മഞ്ഞു തുള്ളികളെ പ്രണയിക്കുന്നത് പോലെ.
നിങ്ങളോർക്കുന്നില്ലേ ?
യാത്രകളിൽ കണ്ടുമറന്ന പ്രിയപ്പെട്ട ചില കണ്ണുകളെ..
കോളേജ് വരാന്തയിൽ നിങ്ങളെ മാത്രം കാത്തിരുന്നു മടുത്തു പോയ ചില പ്രതീക്ഷകളെ…

Also Read:യുഎഇ കോണ്‍സല്‍ ജനറലിന് എക്‌സ് കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല

അതേ ഈ ഭൂമിയിൽ മറ്റെന്തിനേക്കാളും പ്രണയമുണ്ട്.. എന്നിട്ടും എന്തുകൊണ്ടായിരിക്കാം ഒന്ന് തുറന്ന് പറയാതെ,ഒന്നടുത്തിരിക്കാതെ, പലരും പലയിടങ്ങളിലേക്കായി നഷ്ടപ്പെട്ടു പോകുന്നത്.
നിർവചിക്കാൻ ഭാഷയില്ലാത്തത് കൊണ്ട് മാത്രം പ്രണയത്തെ ഉപമിച്ചുപമിച്ചു ജീവിതം തന്നെ തീർന്നു പോയവരുണ്ട്. എഴുതിയ പ്രണയലേഖനം കൊടുക്കാൻ മടിച്ചു മടിച്ച് തിരിച്ചു നടന്നവരുണ്ട്.
ശിഷ്ടകാലങ്ങളിൽ കവിതകൾ എഴുതി അനാഥരായവരുണ്ട്.
കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോള് ബോബി യോട് ചോദിക്കുന്നുണ്ട് ട്രൂ ലവ്വിനൊന്നും ഇപ്പൊ ഒരു വിലയും ഇല്ലേ ന്ന്.
ട്രൂ ലവിനു എപ്പോഴും വിലയുണ്ട്. അതുകൊണ്ടാണല്ലോ എത്ര പ്രണയസിനിമകൾ വന്നാലും നമ്മളൊക്കെ വീണ്ടും വീണ്ടും തീയേറ്ററിലേക്ക് ഓടിചെല്ലുന്നത്. പ്രണയിക്കാനും പ്രണയിക്കപ്പെടാനും എപ്പോഴും ഇഷ്ടപ്പെടുന്നവരാണ് മനുഷ്യർ.
ജീവിതത്തിലെ എല്ലാ പിരിമുറുക്കങ്ങളും ഒപ്പം ഒരാള്കൂടിയുണ്ടാകുന്ന അനർഘ നിമിഷങ്ങളിലൂടെ ഇല്ലാതെയാകുമെന്ന ധാരണകൾ തന്നെയാണ് ഇപ്പോഴും യാഥാർഥ്യമായി നിലനിൽക്കുന്നത്.

‘വരിക സഖി
അരികത്തു ചേർന്നു നിൽക്കൂ
പഴയൊരാ മന്ത്രം സ്മരിക്ക
നാം
അന്യോന്യം ഊന്നു
വടികളായ് നിൽക്കാം
ഹാ! സഫലമീ യാത്ര’…

എന്ന് കക്കാട് എഴുതുന്നതും അങ്ങനെയാണ്.

പ്രണയത്തിലൂടെയാണ് ഇവിടെ മനുഷ്യർ ജീവിക്കുന്നതും , ശ്വസിക്കുന്നതും ,എന്തിനുറങ്ങുന്നത് പോലും.
മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ.
എന്ന റഫീഖ് അഹമ്മദിന്റെ വരികൾ പ്രണയത്തിന്റെ തുടർച്ചകൾ മരണത്തിൽപോലുമുണ്ടെന്നുള്ള തിരിച്ചറിവിലൂടെയാണ് സഞ്ചരിക്കുന്നത്.

പ്രണയിക്കുക
പ്രണയിക്കുക
വീണ്ടും വീണ്ടും പ്രണയിച്ചുകൊണ്ടേയിരിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button