തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ കിഫ്ബിക്കെതിരെ നടത്തിയ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പിണറായി ആരോപിച്ചു. ഉദ്യോഗസ്ഥര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമന്‍സ് ലഭിക്കും മുന്‍പ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ലഭിച്ചു. കിഫ്ബിക്കെതിരായ ആരോപണം ജനങ്ങള്‍ തള്ളിയതിനാല്‍ ഇഡിയെ ഉപയോഗിക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.
കേന്ദ്ര ഏജന്‍സികള്‍ സ്ത്രീകള്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ അപമാനിക്കുന്നു. കേന്ദ്ര ഏജന്‍സി ആര്‍ക്കെതിരെയാണ് ഇറങ്ങിയതെന്ന് അറിയാന്‍ പാഴൂര്‍ പടിവരെ പോകേണ്ടതില്ല. ഉത്തരവാദിത്തം നിറവേറ്റുന്നത് തടയാന്‍ വരുന്നവര്‍ക്ക് മുന്നില്‍ വഴങ്ങില്ല. തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാന്‍ വന്നാല്‍ കീഴടങ്ങില്ല. കേന്ദ്രം ഭരിക്കുന്ന കക്ഷി പറയുന്നതെല്ലാം ശരിയെന്നാണ് പ്രതിപക്ഷ നിലപാട്. കിഫ്ബി മസാല ബോണ്ട് ഇറക്കിയത് നിയമങ്ങള്‍ പാലിച്ചുകൊണ്ടാണെന്നും പിണറായി വ്യക്തമാക്കി.
യുഡിഎഫും ബിജെപിയും ഒരേ വികാരത്തോടെ സര്‍ക്കാരിനെ ആക്രമിച്ചു. ഏറ്റവും കൂടുതല്‍ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉയര്‍ത്തിയ നേതാവെന്ന ബഹുമതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണ്. കിഫ്ബി ഉദ്യോഗസ്ഥരെ ശാരീരികമായി ഉപദ്രവിക്കും എന്ന നിലവരെയുണ്ടായി. ഭീഷണിക്ക് ഇരയാകുന്ന ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കാന്‍ നിയമമുണ്ടെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ വികസന മാര്‍ഗരേഖ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും ചെന്നിത്തലയും ശ്രമിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജന്‍സികള്‍ക്ക് ചൂട്ടുപിടിച്ചത് ചെന്നിത്തലയാണ്. പ്രതിപക്ഷം വിവാദ വ്യാപാരികളാണ്. കിഫ്ബി കേരളത്തെ കടക്കെണിയിലേക്കല്ല പുരോഗതിയിലേക്കാണ് നയിക്കുക. മുന്‍പ് ജനകീയാസൂത്രണം തകര്‍ക്കാന്‍ ശ്രമിച്ചവരാണ് പ്രതിപക്ഷം.
വികസനം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ നോക്കിനില്‍ക്കില്ല. സര്‍ക്കാരിനെ ആക്രമിച്ചോളൂ, പക്ഷേ ജനക്ഷേമത്തിന്റെ കടയ്ക്കല്‍ കത്തിവച്ചാകരുത്. ഒന്നും നടക്കരുത്, എല്ലാം നശിക്കട്ടെ എന്നാണോ പ്രതിപക്ഷത്തിന്റെ ചിന്തയെന്നും അദ്ദേഹം ചോദിച്ചു. മറ്റിടങ്ങളിലെപ്പോലെ ഭയപ്പെടുത്തി വരുതിയിലാക്കാം എന്ന് ബിജെപി കരുതേണ്ട. ആ പരിപ്പ് ഇവിടെ വേവില്ല. ഇത് കേരളമാണ്. വഞ്ചനയുടെ ചാക്കുമായി ഇറങ്ങിയവര്‍ക്ക് ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments