കരീബിയൻ രാജ്യമായ ഹെയ്തിയിൽ തടവുകാരുടെ കൂട്ട ജയിൽ ചാട്ടം. ജയിൽ ചാടിയ തടവുകാരിൽ ചിലർ വസ്ത്രശാല കൊള്ളയടിച്ചതിന് പിന്നാലെ നഗരത്തിൽ കലാപാന്തരീക്ഷം സൃഷ്ടിച്ചു.
ഹെയ്തിയിലെ ക്രോയിക്സ് ഡെസ് ബുക്കേസ് ജയിലിലാണ് കലാപം ഉണ്ടായതിനെ തുടർന്ന് തടവുകാർ ജയിൽ ചാടിയത്. കലാപത്തിൽ ഉദ്യോഗസ്ഥരടക്കം 25 പേർ കൊല്ലപ്പെട്ടു. തടവുചാടിയ പ്രതികളിൽ ചിലരെ പൊലീസ് പിന്തുടർന്ന് പിടികൂടുകയും ചിലരെ വെടിവച്ചുകൊല്ലുകയും ചെയ്തു.
അതേസമയം, രക്ഷപ്പെട്ടവരിൽ 60 തടവുകാരെ പിടികൂടിയതായി ഹെയ്തി കമ്മ്യൂണിക്കേഷൻ സെക്രട്ടറി ഫ്രാന്റ്സ് എക്സാന്റസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കലാപത്തിൽ കൊല്ലപ്പെട്ട ആറ് തടവുകാരിൽ ജയിൽ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതായും ഫ്രാന്റ്സ് എക്സാന്റസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ജയിൽ നിന്ന് തടവുകാർ കൂട്ടത്തോടെ ജയിൽ ചാടിയത്. വെടിയൊച്ചകൾ ജയിലിൽ നിന്ന് കേട്ടതിന് പിന്നാലെ തടവുകാർ പുറത്തേക്ക് ഓടുകയായിരുന്നു. ജയിൽ ചാടിയവരിൽ ചിലർ വസ്ത്രശാല കൊള്ളയടിക്കുകയും ചെയ്തു.
ജയിൽ ചാടിയവരിൽ ഉൾപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ആർണൽ ജോസഫിനെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി വെടിവച്ച് കൊന്നു.
ഹെയ്തിയിൽ 2012ലാണ് ക്രോയിക്സ് ഡെസ് ബുക്കേസ് ജയിൽ പ്രവർത്തനം ആരംഭിച്ചത്. 1500-ലേറെ തടവുകാർ സംഭവ സമയത്ത് ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
Post Your Comments