തിരുവനന്തപുരം: ജനപക്ഷം സെക്യുലര്‍ നേതാവ് പി.സി. ജോര്‍ജ് എം.എല്‍.എയെ മുന്നണിയില്‍ എടുക്കേണ്ടെന്നു തീരുമാനവുമായി യു.ഡി.എഫ് . ഇക്കാര്യം യു,ഡി,എഫ് നേതൃത്വം പി.സി.ജോര്‍ജിനെ അറിയിച്ചു. എന്നാൽ പൂഞ്ഞാറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാല്‍ പിന്തുണയ്ക്കാമെന്നും യു,ഡി.എഫ് വ്യക്തമാക്കി. ആ നിര്‍ദ്ദേശം പി.സി. ജോര്‍ജും തള്ളി. അതോടെ പിസിയുടെ യുഡിഎഫ് പ്രവേശനം അസ്തമിച്ചു.
പി സി ജോര്‍ജിനെ മുന്നണിയില്‍ എത്തിച്ചാല്‍ പൂഞ്ഞാറില്‍ വിജയം ഉറപ്പിക്കാമെന്നും കടുത്ത മത്സരത്തിന് വഴിയൊരുങ്ങുന്ന പാലായില്‍ ഉള്‍പ്പടെ നേട്ടം കൊയ്യാമെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് വാദിച്ചിരുന്നത്. എന്നാല്‍ ജോര്‍ജ് മുന്നണിയിലെത്തിയാല്‍ തിരിച്ചടിയാകുമെന്ന മറു ഭാഗത്തിന്റെ വാദമാണ് പിസിയുടെ കോൺഗ്രസ് സഖ്യത്തിന് തടയിട്ടത്.
ഇതോടെ എന്‍.ഡി.എയുമായുള്ള ചര്‍ച്ച പി.സി ജോര്‍ജ് സജീവമാക്കി. പി സി ജോര്‍ജിന് വലിയ സ്വാധീനമുളള പൂഞ്ഞാര്‍ അടക്കമുളള മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ ജനപക്ഷത്തെ ഒപ്പം നിര്‍ത്തിയാല്‍ സാധിക്കുമെന്ന കണക്കു കൂട്ടലിലാണ് ബി.ജെ.പി.
2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു പി സി ജോര്‍ജ് എന്‍ ഡി എയില്‍ ചേരുകയും പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് വേണ്ടി അദ്ദേഹം വോട്ട് തേടി ഇറങ്ങുകയും ചെയ്തിരുന്നു. ഒടുവില്‍ എന്‍.ഡി.എ തട്ടിക്കൂട്ട് സംവിധാനമെന്ന് പറഞ്ഞാണ് പി.സി ജോര്‍ജ് മുന്നണി വിട്ടത്.
തിരിച്ചെത്തിയാൽ രണ്ട് സീറ്റുകളാണ് ജനപക്ഷത്തിന് നല്‍കാമെന്ന് എന്‍ ഡി എ യുടെ വാഗ്ദാനം. പി സി തന്നെ പൂഞ്ഞാറില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായാല്‍ അട്ടിമറി വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.
Post Your Comments