കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കള്‍ കിണറുപണിക്ക് കൊണ്ടുവന്നതാണെന്ന് പോലീസ് കസ്റ്റഡിയിലുള്ള യാത്രക്കാരിയുടെ വിചിത്ര മൊഴി. ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ നിന്നും ഇന്ന് രാവിലെയാണ് സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്. ചെന്നൈ കാട്പാടിയില്‍ നിന്ന് തലശേരിയിലേക്കുള്ള ടിക്കറ്റാണ് ഈ യാത്രക്കാരിയുടെ കൈവശം ഉണ്ടായിരുന്നത്.
സ്ഫോടകവസ്തുക്കള്‍ തലശ്ശേരിയില്‍ കിണറ് നിര്‍മാണ ജോലിക്ക് കൊണ്ടുവന്നതാണെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞിട്ടുളളത്. എന്നാല്‍ പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. അന്വേഷണം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് തിരുവണ്ണാമലൈ സ്വദേശിനി രമണി എന്ന യാത്രക്കാരിയെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
117 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 350 ഡിറ്റണേറ്റര്‍ എന്നിവയാണ് പിടികൂടിയത്. ഡി വണ്‍ കംപാര്‍ട്ട്‌മെന്റില്‍ സീറ്റിനടിയില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്ഫോടകവസ്തുക്കള്‍. തിരൂരിനും കോഴിക്കോടിനും ഇടയില്‍ വച്ചാണ് പാലക്കാട് ആര്‍.പി.എഫ് സ്‌പെഷല്‍ സ്‌ക്വാഡ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. രമണിയെ ആര്‍.പി.എഫും പൊലീസും സ്‌പെഷല്‍ ബ്രാഞ്ചും ചോദ്യം ചെയ്തു. രമണി ഇരുന്നിരുന്ന സീറ്റിന് അടിയില്‍ നിന്നുമാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. താൻ തന്നെയാണ് കൊണ്ടുവന്നതെന്ന് ഇവർ സമ്മതിച്ചു.
Post Your Comments