Election NewsKeralaLatest NewsNews

അഴിമതി നടത്തിയതിന് പിടിക്കപ്പെടുമ്പോൾ പിണറായി മറവിരോഗക്കാരൻ: കെ. സുരേന്ദ്രൻ

സി.പിഎമ്മിന് ആശയമല്ല, ആമാശയബോധം

പട്ടാമ്പി : അഴിമതി നടത്തിയതിന് പിടിക്കപ്പെടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മറവിരോഗക്കാരനാവുകയാണെന്ന് ബി.ജെ.പി സംസ്ഥാനഅധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ വരുന്നവരെക്കുറിച്ച് അദ്ദേഹത്തിന് ഓർമ്മയില്ല. കള്ളക്കടത്തുകാർ ഓഫിസിൽ കയറിയിറങ്ങിയതും സ്വപ്‌ന വന്നതും അദ്ദേഹം മറന്നു. പട്ടാമ്പിയിൽ വിജയയാത്രക്ക് നല്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : ‘ഇന്ത എ.സി എനിക്ക് പുടിക്കാത്’ – വാതിലുകൾ തുറന്നിടാൻ പറഞ്ഞ് ഉപരാഷ്ട്രപതി

അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ കള്ളക്കടത്തിന് കൂട്ടുനിന്നതും അറിഞ്ഞില്ല. ഏറ്റവും ഒടുവിൽ ആഴക്കടൽ മത്സ്യബന്ധനത്തിന് വന്ന തട്ടിക്കൂട്ട് കമ്പനിക്കാർ മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറിയിറങ്ങിയതും അദ്ദേഹത്തെ കണ്ടതും മറന്നു. എൺപത് തികഞ്ഞ അച്യുതാനന്ദന് പോലും ഈ മറവിരോഗമില്ലെന്ന് അദ്ദേഹം മനസിലാക്കണം. മറവിരോഗം ബാധിച്ച ഈ വന്ദ്യവയോധികനെ വീണ്ടും മുഖ്യമന്ത്രിയാക്കേണ്ടതുണ്ടോയെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ആഴക്കടൽ മത്സ്യബന്ധനത്തിന് തട്ടിപ്പ് കമ്പനിക്ക് അനുമതി നല്കിയതിന് പിന്നിൽ വലിയ അഴിമതിയാണ്. ഇത് പിടിക്കപ്പെടുമ്പോഴാണ് മുഖ്യമന്ത്രിക്ക് ഒന്നും ഓർമ്മയില്ലാതായത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ തിയ്യതി കുറിക്കാൻ പോയതുപോലും ശിവശങ്കരനേയും കൂട്ടിയാണ്. അത്ര അടുപ്പമായിരുന്നു. ഇപ്പോൾ ശിവശങ്കരനെത്തന്നെ ഓർമ്മയില്ല. അഞ്ചുകൊല്ലം നടത്തിയ അഴിമതികളൊന്നും ഓർമ്മയേയില്ല. അഞ്ചുകൊല്ലം ഉമ്മൻചാണ്ടി അഴിമതി നടത്തി മുടിച്ചപ്പോഴാണ് പിണറായി കയറിയത്. കൂടുതൽ വലിയ അഴിമതിക്കാനാരായിരിക്കുമെന്ന മത്സരത്തിലാണവർ.

Read Also : ബി.ജെ.പി.ക്കായി ആർ.എസ്.എസ് തന്നെ മുന്നിട്ടിറങ്ങും

പിണറായി സർക്കാരിന്റെ അഴിമതിയിൽ മടുത്താണ് ജേക്കബ് തോമസിനെ പോലുള്ള ഉദ്യോഗസ്ഥർ അവർക്കെതിരായത്. ബ്രിട്ടീഷുകാരും രാജാക്കന്മാരും പണിത നൂറും ഇരുനൂറും കൊല്ലം പഴക്കമുള്ള പാലങ്ങൾ ഒരുകുഴപ്പവുമില്ലാതെ നിന്നപ്പോഴാണ് ഉമ്മൻചാണ്ടി പണിത ഒന്നരക്കൊല്ലം പഴക്കമുള്ള പാലം പൊളിഞ്ഞത്. ആപാലം പുതുക്കി പണിയാനുള്ള കാലാവധി 18 മാസമായിരുന്നു. അഞ്ചരമാസം കൊണ്ട്‌ പണി തീർത്ത് മെട്രോമാൻ ഇ. ശ്രീധരൻ ബി.ജെ.പിയിൽ ചേർന്നു. ഇവരുടേയെല്ലാം അഴിമതി മടുത്താണ് അദ്ദേഹം നരേന്ദ്രമോദിയുടെ പാർട്ടിയിൽ എത്തിയതെന്ന് സുരേന്ദ്രൻ പറഞ്ഞു.

ലക്ഷക്കണക്കിന് യുവാക്കൾ തൊഴിലിനുവേണ്ടി സമരം ചെയ്യുമ്പോൾ പി.എസ്.സി റാങ്ക് പട്ടികയെല്ലാം റദ്ദാക്കി നേതാക്കന്മാരുടെ ഭാര്യമാർക്ക് പിൻവാതിലിലൂടെ ജോലി നല്കുന്ന പ്രസ്ഥാനമായി സി.പി.എം. സാംസ്‌കാരികനായകനായി മേനി നടിച്ചു നടക്കുന്ന സുനിൽ പി. ഇളയിടം ജോലിനേടിയതും തട്ടിപ്പ് നടത്തിയാണ്. സി.പി.എം നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും വഴിവിട്ട് ജോലി നല്കാനുള്ള സ്ഥാപനമായി കാലടി സംസ്‌കൃത സർവ്വകലാശാല മാറി.

കാലഹരണപ്പെട്ട പ്രസ്ഥാനമാണ് സി.പി.എം. ലോകത്ത് നിന്നും തുടച്ച് നീക്കപ്പെട്ട കമ്മ്യൂണിസ്റ്റാശയങ്ങൾ എന്താണെന്ന് അറിയാത്തവരാണിന്ന് സി.പി.എമ്മുകാർ. ആശയമല്ല, ആമാശയമാണവർക്കുള്ളത്. സി.പി.എം പിരിച്ചുവിട്ട് നേതാക്കൾ കാശിക്കുപോകണമെന്നും സുരേന്ദ്രൻ പറഞ്ഞു. അവിടെ പോയാൽ കുറഞ്ഞപക്ഷം മോദി ഗംഗാനദിയിൽ മാത്രം ചെയ്ത കാര്യങ്ങളെന്താണെന്ന് മനസിലാക്കാനും അതിൽ പ്രദേശവാസികൾക്കുള്ള മതിപ്പു തിരിച്ചറിയാനും സാധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button