തിരുവനന്തപുരം : എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന സുപ്രധാനവിധിയുമായി ഹൈക്കോടതി. അധ്യാപകർക്ക് മത്സരിക്കാമെന്ന നിലവിലുള്ള ചട്ടം ഹൈക്കോടതി റദ്ദാക്കി. വിദ്യാഭ്യാസ അവകാശനിയമത്തിന് വിരുദ്ധമാണ് അധ്യാപകർ മത്സരിക്കുന്ന ചട്ടമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
കഴിഞ്ഞ പത്തുവർഷമായി ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർണ്ണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 1951-ലെ നിയമസഭാചട്ടത്തിലാണ് ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അല്ലാതവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശം നല്കിയിരുന്ന ഉപവകുപ്പ് ഹൈക്കോടതി പൂർണ്ണമായും റദ്ദാക്കി.
ഇതോടെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് മത്സരിക്കാൻ സാധിക്കാതെ വരും. നിലവിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ഈ ഉത്തരവ് ബാധകമാവില്ലെന്ന് ചീഫ് ജസ്റ്റീസ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, സമർപ്പിച്ച വിദ്യാഭ്യാസപരിഷ്‌ക്കാരങ്ങൾ സംബന്ധിച്ച നിയമസഭാസമിതിയും അധ്യാപകരുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു.
Read Also : ഐടി, ഐടി അനുബന്ധ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി രൂപീകരിക്കാൻ തീരുമാനം
കേരളത്തിൽ സർക്കാർ ജീവനക്കാർക്ക് ബാധകമായ ചട്ടം എയ്ഡഡ് സ്‌കൂൾ അധ്യാപകർക്കും ബാധകമാക്കണമെന്ന ആവശ്യം സജീവമായിരുന്നു. തിരഞ്ഞെടുപ്പിൽ മാത്രമല്ല, സംഘടനാപ്രവർത്തനങ്ങളുടെ പേരിൽ രാഷ്ട്രീയ താല്പര്യത്തിന് പിന്നാലെ പോകുന്ന അധ്യാപകരുടെ പ്രകടനം വിദ്യാഭ്യാസഗുണനിലവാരമില്ലായ്മക്ക് കാരണമായിട്ടുണ്ടെന്ന് നേരത്തെ പഠനം നടത്തിയ കമ്മിറ്റികൾ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, സമരങ്ങളിലും സ്വാതന്ത്ര്യസമരങ്ങളിലും ചില രാഷ്ട്രീയ പാർട്ടികളുടെ സംഘടനാചുമതലകളിൽ സജീവമായ അധ്യാപകർ ഗുണപരമായ പങ്ക് വഹിക്കുന്നതായും
ചൂണ്ടിക്കാട്ടി ഇതിനെതിരെ ചില രാഷ്ട്രീയക്കാർ തന്നെ രംഗത്തുവന്നിരുന്നു. ഈ ഹൈക്കോടതി വിധിയോടെ രാഷ്ട്രീയതലത്തിലുള്ള സുപ്രധാനമായ മാറ്റങ്ങളാണ് കേരളത്തിലുണ്ടാക്കാൻ പോകുന്നത്. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനം തൊഴിലാകുന്നതിനും ഈ വിധി സഹായകമാവുമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്
Post Your Comments