KeralaLatest NewsElection NewsNews

ബി.ജെ.പി. വിജയയാത്രക്ക് പ്രമുഖർ കാസർക്കോടെത്തും

 സപ്തഭാഷാഭൂമിയിൽ ഞായറാഴ്ച കാഹളമുയരും

കാസർക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന ‘ വിജയയാത്ര’ ഞായറാഴ്ച കാസർക്കോട് തുടങ്ങും. വിജയയാത്രയിൽ ബി.ജെ.പിയുടെ എല്ലാ മേഖലയിൽ നിന്നുമുള്ള പ്രമുഖർ പങ്കെടുക്കും.

പരമാവധി നേതാക്കൾ, കേന്ദ്രമന്ത്രിമാർ, ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, വിവിധ സംസ്ഥാന മന്ത്രിമാർ, നേതാക്കൾ എന്നിവരുൾപ്പെടെ വിജയയാത്രയിൽ അണിചേരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ അഭ്യർഥിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കർണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, വിവിധ എൻ.ഡി.എ നേതാക്കൾ എന്നിവരുൾപ്പെടെ ഒരു ഡസനിലധികം നേതാക്കൾ വിജയയാത്രയിൽ പങ്കെടുക്കുമെന്നും സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖർ ഉടൻ ബി.ജെ.പിയിൽ അംഗത്വമെടുക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Read also : നിയമസഭാ തിരഞ്ഞടുപ്പ് : നേതാക്കന്മാര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ആര്‍എസ്എസ്

മെട്രോമാൻ ഇ. ശ്രീധരൻ, കായികതാരം പി.ടി. ഉഷ എന്നിവർ ബി.ജെ.പിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലെ പ്രധാന പ്രമുഖരുടെ പട തന്നെ ബി.ജെ.പി. അംഗത്വമെടുക്കുന്ന വേദിയായി വിജയയാത്ര മാറും. പ്രമുഖ സിനിമാനടൻമാരായ മോഹൻലാൽ, വിനിത്, നടി മഞ്ജുവാര്യർ, ഊർമ്മിള ഉണ്ണി തുടങ്ങി നടന്മാർ, കായികപ്രതിഭകൾ, വിവിധരാഷ്ട്രീയപാർട്ടിയിലെ പ്രമുഖർ എന്നിവർ ബി.ജെ.പി വേദിയിലെത്തി അംഗത്വമെടുക്കുമെന്നാണ് കരുതുന്നത്. വടക്കൻ കേരളത്തിലെ ജില്ലകളിൽ നിന്നും പ്രമുഖരായവരെ ബി.ജെ.പി പാളയത്തിലെത്തിക്കാൻ നടപടികൾ തുടരുകയാണ്. മധ്യകേരളത്തിൽ റാലി എത്തുമ്പോഴേക്കും പ്രമുഖ സാംസ്‌കാരിക, സാമൂഹ്യരംഗത്തുള്ളവരുടെ നീണ്ട നിര ബി.ജെ.പിയുടെ ഭാഗമാവുമെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ഇ.പി.ജയരാജൻ, കെ.കെ.ശൈലജ, കെ. മൊയ്തീൻ, എം.എം.മണി, കെ.ടി.ജലീൽ തുടങ്ങി സംസ്ഥാനത്തെ മന്ത്രിമാരുടെ മണ്ഡലങ്ങളിൽ നിന്നായി വൻ രാഷ്ട്രീയപ്രവർത്തകരുടെ പട തന്നെ ബി.ജെ.പിയിൽ ചേരാനെത്തുമെന്നും യു.ഡി.എഫ്- എൽ.ഡി.എഫ് മുന്നണികളിലെ പ്രവർത്തകർ കാവിക്കൊടി പിടിക്കുമെന്നുമാണ് കെ. സുരേന്ദ്രനുൾപ്പെടെയുള്ള നേതാക്കൾ സൂചിപ്പിക്കുന്നത്.

21ന് വൈകിട്ട് നാലുമണിക്ക് കാസർക്കോട് നടക്കുന്ന ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും. ഇതുൾപ്പെടെ 14 കേന്ദ്രങ്ങ‌ളിൽ മഹാറാലികളും 80 വലിയ പൊതുസമ്മേളനങ്ങളും നടക്കും. മുൻ കരസേന മേധാവിയും കേന്ദ്രമന്ത്രിയുമായ വി.കെ. സിംഗ് 22ന് കണ്ണൂരിലും മുൻ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് 24ന് കോഴിക്കോട്ടും ബി.ജെ.പി വക്താവും ബീഹാർമന്ത്രിയുമായ ഷാനവാസ് ഹുസൈൻ 25ന് മലപ്പുറത്തും നടിയും ബി.ജെ.പി വക്താവുമായ ഖുശ്ബുസുന്ദർ 26ന് പാലക്കാട്ടും കെന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി 27ന് തൃശൂരിലും കേന്ദ്രമന്ത്രി നിർമ്മലാസീതാരാമൻ 28ന് കൊച്ചിയിലും മഹാറാലിയിൽ പങ്കെടുക്കും.
മാർച്ച് രണ്ടിന് കേന്ദ്രമന്ത്രി സ്മൃതിഇറാനി കോട്ടയത്തും, മൂന്നിന് യുവമോർച്ച ദേശീയപ്രസിഡന്റ് തേജസ്വിസൂര്യ എം.പി ആലപ്പുഴയിലും നാലിന് മീനാക്ഷിലേഖി എം.പി പത്തനംതിട്ടയിലും അഞ്ചിന്, തമിഴ് നാട്ടിൽ നിന്നും ഈയിടെ ബി.ജെ.പി.യിൽ ചേർന്ന് ഐ.പി.എസ് ഉദ്യോഗസ്ഥൻ അണ്ണാമലൈ കൊല്ലത്തും യാത്രയിൽ പങ്കെടുത്ത് സംസാരിക്കും.
അഴിമതി വിമുക്തകേരളം, പ്രീണനവിരുദ്ധ രാഷ്ട്രീയം, കേരളത്തിന്റെ സമഗ്രവികസനം എന്നിവയാണ് യാത്രയുടെ മുദ്രാവാക്യം.

Read Also : രാജ്യത്ത് തൊഴിലില്ലായ്മ നിരക്കിലും കേരളം തന്നെ നമ്പർ വൺ

പിണറായി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ, അഴിമതികൾ, ശബരിമലയിലെ യുവതിപ്രവേശനമെന്ന പേരിൽ നടത്തിയ ആചാരലംഘനം, സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കുൾപ്പെടെയുള്ള പങ്ക്, ആരോഗ്യരംഗത്തെ പ്രശ്‌നങ്ങൾ, വിദ്യാഭ്യാസ വികല നിയമങ്ങൾ, തൊഴിലില്ലായ്മ ഉൾപ്പെടെ ജനരോഷമുയർത്തിയ വിവിധവിഷയങ്ങൾ ചർച്ച ചെയ്താണ് വിജയയാത്ര മുന്നേറുക. ഇക്കാര്യത്തിൽ ഇടതുമുന്നണിക്ക് കൂഴലൂത്തുകാരായ വലതുമുന്നണിയേയും ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടിയാണ് യാത്ര തിരുവനന്തപുരത്ത് സമാപിക്കുകയെന്ന് ജോർജ്ജ് കുര്യൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button