തൃശൂര്‍ : ട്രെയിനില്‍ കയറാന്‍ നിരങ്ങി നീങ്ങുന്ന അതിഥി തൊഴിലാളിയെ കണ്ട് സഹായത്തിനായി സ്ട്രെച്ചറുമായി പൊലീസുകാരും പോര്‍ട്ടര്‍മാരും എത്തിയ വ്യത്യസ്ത കാഴ്ചയാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. പട്ന എക്‌സ്പ്രസില്‍ കയറുന്നതിന് വേണ്ടി പ്ലാറ്റ്ഫോമിലൂടെ കയ്യും കാലും കുത്തി നിരങ്ങി ഓടിയ അതിഥി തൊഴിലാളിയ്ക്കാണ് സഹായവുമായി ഇവര്‍ എത്തിയത്.
കെട്ടിടം പണിയ്ക്കിടെ വീണ് നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റു നാട്ടില്‍ ചികിത്സയ്ക്കായി പോകുന്ന പട്ന സ്വദേശിയ്ക്കാണ് റെയില്‍വേ പൊലീസും പോര്‍ട്ടര്‍മാരും കൈത്താങ്ങായത്. ചൊവ്വാഴ്ച വൈകിട്ട് 5.15നു തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. പൊലീസുകാരായ ലാലു മാരാത്ത്, സന്തോഷ്, പോര്‍ട്ടര്‍മാരായ ബൈജു, ശെല്‍വന്‍ എന്നിവരാണ് സഹായവുമായി എത്തിയത്.
ട്രെയിന്‍ രണ്ടാം പ്ലാറ്റ്ഫോമിലേക്കെത്താന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അതിഥി തൊഴിലാളി നിരങ്ങി ഓടിയത്. എത്ര വേഗത്തില്‍ നീങ്ങിയാലും ട്രെയിന്‍ കിട്ടില്ലായിരുന്നു. ഈ സമയത്താണ് റെയില്‍വേ പൊലീസും പോര്‍ട്ടര്‍മാരും സഹായവുമായി എത്തിയത്. സ്ട്രെച്ചറുമായി എത്തിയ ഇവര്‍ ഇദ്ദേഹത്തെ സ്‌ട്രെച്ചറില്‍ കിടത്തി പാളം മുറിച്ചു കടന്ന് രണ്ടാം പ്ലാറ്റ്ഫോമിലെത്തിച്ചു. തുടര്‍ന്ന് ട്രെയിനില്‍ കയറ്റി. ഇദ്ദേഹത്തെ ട്രെയിനില്‍ കയറ്റി നിമിഷങ്ങള്‍ക്കുള്ളില്‍ ട്രെയിന്‍ സ്റ്റേഷന്‍ വിടുകയും ചെയ്തു.
Post Your Comments