KeralaLatest NewsNews

തൊഴില്‍ ചോദിക്കുന്നവര്‍ക്ക് തൊഴി കൊടുക്കുന്ന മുഖ്യമന്ത്രിയായി മാറിയിരിക്കുകയാണ് പിണറായി വിജയനെന്ന് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം : തൊഴില്‍ ചോദിക്കുന്ന അവകാശപ്പെട്ടവര്‍ക്ക് തൊഴി കൊടുക്കുന്ന മുഖ്യമന്ത്രിയായി മാറിയിരിക്കുകയാണ് പിണറായി വിജയനെന്ന് ശോഭ സുരേന്ദ്രന്‍. അര്‍ഹതപ്പെട്ടവരുടെ സര്‍ക്കാര്‍ ജോലി കയ്യേറി, പണം നല്‍കുന്നവര്‍ക്ക് വില്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. 5 ലക്ഷം രൂപ ആളൊന്നിന് വാങ്ങിയാണ് പിന്‍വാതില്‍ നിയമനം നടത്തുന്നതെന്നു സരിത എസ്.നായര്‍ക്കെതിരായ പരാതിയിലൂടെ പുറത്തു വന്നതാണ്. ഇത്തരത്തില്‍ 3 ലക്ഷം പിന്‍വാതില്‍ നിയമനങ്ങളിലൂടെ നൂറുകണക്കിന് കോടി രൂപയുടെ അഴിമതിയാണ് പിണറായിയുടെ സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

കേരളം കണ്ട ഏറ്റവും വലിയ അഴിമതികളില്‍ ഒന്നായ പിന്‍വാതില്‍ നിയമനത്തെ സംബന്ധിച്ച് സമഗ്രമായ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണം. മമതാ ബാനര്‍ജിയ്‌ക്കെതിരെ ബംഗാളില്‍ തൊഴിലിനു വേണ്ടി സമരം ചെയ്യുന്നവര്‍ തന്നെയാണ് ഇവിടുത്തെ തൊഴില്‍ സമരത്തെ പരിഹസിക്കുന്നത്. ബംഗാളിലേക്കാള്‍ രൂക്ഷമാണ് കേരളത്തിലെ അവസ്ഥയും, സര്‍ക്കാരിന്റെ ക്രൂരതയും. തൊഴില്‍ സമരങ്ങളിലൂടെ ഉത്ഭവിച്ച ഡിവൈഎഫ്‌ഐ എന്ന യുവജന പ്രസ്ഥാനം സമരത്തെ ആക്ഷേപിച്ചും പരിഹസിച്ചും പിണറായിക്ക് വീണ മീട്ടുകയാണ്. ഡിവൈഎഫ്‌ഐ ഇരുട്ടിന്റെ മറവില്‍ നിന്ന് വെളിച്ചത്തു വരാന്‍ ഭയപ്പെടുന്നത് എന്തിനാണ്? താത്ക്കാലിക ജീവനക്കാരെ റിക്രൂട്ട് ചെയുന്ന ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന ഡിവൈഎഫ്ഐ പിന്നീട് അവരെ സ്ഥിരപ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ശക്തിയായും പ്രവര്‍ത്തിച്ചു.

പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തി കിട്ടിയ വെള്ളി കാശിനു വേണ്ടി യുവജനങ്ങളെ ഒറ്റുകൊടുത്ത യൂദാസാണ് ഡിവൈഎഫ്‌ഐ . പിഎസ്‌സി സമരാഗ്‌നിയില്‍ പിണറായിയുടെ സര്‍ക്കാര്‍ വെന്തുരുകും. മാടമ്പിയുടെ ധാര്‍ഷ്ട്യം അവസാനിപ്പിച്ച്
പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കണം. ഈ രംഗത്തു നടന്ന അഴിമതിയെ കുറിച്ച് സിബിഐ അന്വേഷണത്തിന് മടിയില്‍ കനമില്ലെങ്കില്‍ പിണറായി ശുപാര്‍ശ ചെയ്യണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button