പുതിയ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ ആശങ്കകള്‍ക്കിടയില്‍ സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരായ കര്‍ശന ശിക്ഷകളാണ് മൂന്ന് രാജ്യങ്ങളും ശക്തമാക്കിയിരിക്കുന്നത്. ഒത്തുചേരലുകള്‍, വിനോദ പരിപാടികള്‍, റെസ്റ്റോറന്റ് സേവനങ്ങള്‍ എന്നിവയില്‍ 10 ദിവസം മുമ്പ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ 20 ദിവസത്തേയ്ക്കുള്ള നിയന്ത്രണങ്ങള്‍ കൂടി നീട്ടിക്കൊണ്ട് കൊവിഡിനെതിരായ പോരാട്ടം സൗദി ഈയാഴ്ച മുതല്‍ ശക്തമാക്കുകയാണ്. നിയന്ത്രണങ്ങളില്‍ യാതൊരു ഇളവുകളുമില്ല. സിനിമാ ശാലകള്‍ അടച്ചിട്ടിരിക്കുകയാണ്. വിനോദ കേന്ദ്രങ്ങള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ജിമ്മുകള്‍, കായിക സൗകര്യങ്ങള്‍ എന്നിവയെല്ലാം അടഞ്ഞു കിടക്കുകയാണ്.
അതേസമയം, കുവൈറ്റ് പൗരന്മാര്‍ അല്ലാത്തവര്‍ക്ക് രാജ്യത്തേക്കുള്ള താത്കാലിക പ്രവേശന വിലക്ക് പുറപ്പെടുവിച്ചതിന് പിന്നാലെ രാജ്യത്ത് എത്തുന്ന എല്ലാവര്‍ക്കും ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഫെബ്രുവരി 21 മുതലാണ് ഇത് ആരംഭിക്കുന്നത്. സ്വന്തം ചെലവില്‍ പൗരന്മാരും വിദേശികളും ഉള്‍പ്പെടെയുള്ള എല്ലാ യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എല്ലാവരും വരവിന് മുമ്പായി തന്നെ കുവൈറ്റ് മൊസാഫര്‍ ആപ്പ് വഴി ഹോട്ടല്‍ താമസം ബുക്ക് ചെയ്തിരിക്കണം.
അതോടൊപ്പം തന്നെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഒമാനിലെ കര അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. ഫെബ്രുവരി 7 നാണ് ഒമാന്‍ അതിര്‍ത്തികള്‍ വീണ്ടും അടച്ചതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. വിദേശത്തുള്ളവരും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുമായ ഒമാന്‍ പൗരന്മാര്‍ ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ ക്വാറന്റൈനില്‍ കഴിയേണ്ടതാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ കര അതിര്‍ത്തികള്‍ അടയ്ക്കുന്നത് നീട്ടിയിരിക്കുകയാണ്. ഫെബ്രുവരി 15 മുതല്‍ രാജ്യത്ത് എത്തുന്നവര്‍ സ്വന്തം ചെലവില്‍ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ ക്വാറന്റൈന് വിധേയമാകേണ്ടതാണ്.
Post Your Comments