ന്യൂഡല്‍ഹി : രാജ്യത്ത് ദീര്‍ഘകാല വീക്ഷണത്തോടെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയതെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ലോക്സഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. കൊവിഡ് പ്രതിസന്ധികളുണ്ടാക്കിയെങ്കിലും വിപണിയെ ശക്തിപ്പെടുത്താനുള്ള സര്‍ക്കാര്‍ പരിഷ്‌കാരങ്ങളെ ബാധിച്ചില്ല. ദീര്‍ഘകാല വീക്ഷണത്തോടെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയത്. ആത്മനിര്‍ഭര്‍ ഭാരതമാണ് ലക്ഷ്യം. പരിഷ്‌കാരങ്ങള്‍ ഇന്ത്യയെ ലോകത്തെ മികച്ച സമ്പദ്‌വ്യവസ്ഥകളിലൊന്നാക്കി മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനതയ്ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ നില കൊള്ളുന്നത്. ജനത കൈവിട്ട ഒരു പാര്‍ട്ടിയും അതിന്റെ നേതാവും അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ദളിത്, പിന്നോക്ക, നിര്‍ധന വിഭാഗങ്ങളുടെ ഉന്നമനമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. പിന്നോക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും വിഹിതത്തില്‍ കുറവ് വരുത്തിയെന്ന വാദം ശരിയല്ല. തൊഴിലുറപ്പ് പദ്ധതിയ്ക്ക് ആവശ്യമെങ്കില്‍ 2021-22 വര്‍ഷത്തില്‍ കൂടുതല്‍ തുക വകയിരുത്തും. കോണ്‍ഗ്രസ് ഭരിയ്ക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ തയ്യാറായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments