
ഈസ്റ്റ് കോസ്റ്റ് വിജയൻ എന്ന പേരിനൊപ്പം മലയാളികൾ അദ്ദേഹത്തിന് ചാർത്തി നൽകിയ മറ്റൊരു പേരുണ്ട്, പ്രണയഗാനങ്ങളുടെ സ്രഷ്ടാവ്. കാലമെത്ര കഴിഞ്ഞ് കേട്ടാലും മധുരിക്കുന്ന മനോഹരമായ പ്രണയഗാനങ്ങളാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്. അദ്ദേഹമൊരുക്കിയ ആൽബം ഗാനങ്ങളാണ് ഇന്നും കേരളത്തിലെ യുവത്വത്തിൻ്റെ മനസ്സിൽ നിറയുന്നത്. ഇതിഹാസ വിജയമായി മാറിയ “നിനക്കായ്” എന്ന സീരീസാണ് അതിൽ പ്രധാന കാരണം. ഈ വാലൻ്റൈൻസ് ദിനത്തിൽ അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഓരോ പ്രണയിതാക്കളും തിരിച്ചറിയേണ്ടതാണ്.
Also Read:അറിവിന്റെയും സർഗ്ഗാത്മകതയുടെയും നാട് ; തമിഴ്‌നാടിനെ നെഞ്ചോട് ചേർത്ത് പ്രധാനമന്ത്രി
നിര്‍വചനങ്ങള്‍ക്കും സങ്കല്പങ്ങള്‍ക്കുമൊക്കെ അതീതമായ ഏതോ ഒരു ഹൃദയ വികാരമാണ് പ്രണയമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. അദ്ദേഹത്തിൻ്റെ വാക്കുകളിങ്ങനെ: നിര്‍വചനങ്ങള്‍ക്കും സങ്കല്പങ്ങള്‍ക്കുമൊക്കെ അതീതമായ ഏതോ ഒരു ഹൃദയ വികാരം… പ്രണയമെന്ന സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും അത് തന്നെയല്ലേ..? അതെ, അങ്ങനെ ഒരു വികാരം തന്നെയാണ് വാലന്‍ന്റൈന്‍സ് ഡേ എന്ന ആഘോഷവുമായി ബന്ധപ്പെട്ടു നമ്മുടെ മനസ്സില്‍ തെളിയുന്നത്. ഏതൊരു ബന്ധത്തിലായാലും ത്യാഗം മഹത്വ പൂര്‍ണ്ണമാകുമ്പോള്‍ അതിന്റെ പവിത്രത വര്‍ദ്ധിക്കുകയും ആഘോഷങ്ങളുടെ ഓര്‍മ്മചെപ്പില്‍ അതിനു സ്ഥാനം ലഭിക്കുകയും ചെയ്യുന്നു. വാലന്‍ന്റൈന്‍സ് ഡേ ആഘോഷമായി നമ്മള്‍ കൊണ്ടാടുമ്പോള്‍ പ്രണയത്തിനു വേണ്ടി എവിടെയോ ഒരു ത്യാഗം സംഭവിച്ചിരിക്കണം.
വിവാഹം ചെയ്‌താല്‍ യുദ്ധക്കളത്തില്‍ പൊരുതി ജയിക്കാന്‍ ജനങ്ങള്‍ക്ക് തല്പ്പര്യമുണ്ടാകില്ലെന്നു തിരിച്ചറിഞ്ഞ റോമന്‍ ചക്രവര്‍ത്തി റോമില്‍ വിവാഹം നിരോധിച്ചുവെന്നും പക്ഷെ, വാലന്‍ന്റൈന്‍ എന്ന ദയാലുവായ ഒരു ബിഷപ്പ് കമിതാക്കള്‍ക്ക് രഹസ്യമായി വിവാഹം ചെയ്ത് ഒന്നിച്ചു കഴിയാനുള്ള അവസരം ഒരുക്കി കൊടുക്കുകയും, ഇതറിഞ്ഞ ചക്രവര്‍ത്തി അദ്ദേഹത്തെ ജയിലടക്കുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. ജയിലില്‍ ആയ വാലന്‍റൈന്‍ ജയിലറുടെ അന്ധയായ മകളുമായി പ്രണയത്തിലാകുകയും പ്രണയത്തിന്റെ ദിവ്യവും മധുരവുമായ അവസ്ഥയില്‍ ആ പെണ്‍കുട്ടിക്ക് കാഴ്ച ശക്തി തിരിച്ചു കിട്ടുകയും ചെയ്തു. ഇതറിഞ്ഞ ചക്രവര്‍ത്തി വാലന്‍റൈനു വധ ശിക്ഷ വിധിക്കുമ്പോള്‍ ” From your Valentine “എന്ന് കുറിപ്പെഴുതി വച്ച് മരണത്തെ അഭിമുഖീകരിച്ച അദ്ദേഹത്തിന്‍റെ ഓര്‍മയ്ക്ക് ആണ് Valentine’s day ആഘോഷിക്കപ്പെടുന്നത്.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും പ്രത്യേകം ഒരു ദിവസം ആവശ്യമില്ലെങ്കിലും മുകളിലെഴുതിയത് അതിന്‍റെ പ്രസക്തി നമ്മെ വിളിച്ചറിയിക്കുന്നു. അത് കൊണ്ട് മാത്രം നമുക്ക് ആ പ്രത്യേക ദിവസമായ ഫെബ്രുവരി 14 (നാളെ) ഓര്‍മ്മയില്‍ സൂക്ഷിക്കാം. പ്രണയ സങ്കല്‍പ്പങ്ങള്‍ക്ക് മധുരവും മണവും മാദക വസന്തവും പകര്‍ന്നു നല്‍കുന്ന അനുഭൂതികള്‍ നമ്മുടെ സുഖനൊമ്പരങ്ങളെ തൊട്ടുണര്‍ത്തുന്നു. ജീവിതം ക്ഷണികമാണ്, അത് കൊണ്ട് പ്രണയബദ്ധരാകൂ, നിങ്ങളെ സ്നേഹിക്കുന്നവരോട്..നിങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന കര്മ്മത്തോട്..ഈ സമൂഹത്തോട്..
പ്രണയം
ദിവ്യമാണ്..
മധുരമാണ്..
സത്യമാണ്…
സൌന്ദര്യമാണ്…
സന്ദേശമാണ്…
പ്രേരണയാണ്…
പ്രതീക്ഷയാണ്..
ശക്തിയാണ്….
നിര്‍വൃതിയാണ്…. എന്ന് അദേഹം പറയുന്നു.
നിനക്കായ്, ആദ്യമായ്, ഓർമ്മയ്ക്കായ്, സ്വന്തം, ഇനിയെന്നും, എന്നെന്നും, ഇങ്ങനെ സമ്പൂർണ്ണ വിജയം നേടിയ ആൽബങ്ങൾ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. മികച്ച ഗാനങ്ങളെ കൂടാതെ ഒരുപിടി ബംബർ സിനിമകളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. നോവല്‍, മുഹബ്ബത്ത്, മൈ ബോസ്, ജിലേബി, ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ എന്നിവയാണ് അദ്ദേഹമൊരുക്കിയ സിനിമകൾ. ഇതിൽ പ്രധാനമായും എടുത്തുപറയേണ്ടത് ദിലീപ് – ജീത്തു ജോസഫ് – ഈസ്റ്റ് കോസ്റ്റ് വിജയൻ കൂട്ടുകെട്ടിൽ പിറന്ന മൈ ബോസിൻ്റെ വിജയമാണ്. പിന്നീട് വന്ന ജിലേബിയിലെ രണ്ട് ഗാനങ്ങൾ അദ്ദേഹമെഴുതിയതാണ്. ഇതിൽ ‘ഞാനൊരു മലയാളി’ എന്ന് തുടങ്ങുന്ന ഗാനം മലയാളത്തനിമ നിറഞ്ഞു തുളുമ്പുന്നതാണ്. വരികൾക്കിടയിലൂടെ കേൾവിക്കാരനെ സഞ്ചരിപ്പിക്കാൻ കഴിയുന്ന മാന്ത്രികശക്തിയുള്ള ഗാനമാണിതെന്ന് സംഗീതപ്രേമികൾ ഒന്നടങ്കം പറയുന്നു. ഇതുകൂടാതെ ജയറാം നായകനായ നോവൽ എന്ന സിനിമയിലെ ‘ഉറങ്ങാൻ നീയെനിക്കരികിൽ വേണം’ എന്ന് തുടങ്ങുന്ന ഗാനവും മലയാളികൾ ഏറ്റുപാടിയതാണ്.
Post Your Comments