MollywoodLatest NewsKeralaNewsEntertainment

മലയാളിയെ പ്രണയിക്കാൻ പഠിപ്പിച്ച ആൽബങ്ങൾ

നിനക്കായി തോഴി പുനർജനിക്കാം... ഒന്നിനുമല്ലാതെ എനിക്കെന്തിനോ തോന്നിയൊരിഷ്ടം...

ഈസ്റ്റ് കോസ്റ്റ് വിജയൻ അണിയിച്ചൊരുക്കിയ പ്രണയ ആൽബങ്ങൾ കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല. 90കളിലെ തലമുറയെ ഏറെ ആകർഷിച്ച, ഏറെ പ്രലോഭിപ്പിച്ച, അതിലേറെ സങ്കടപ്പെടുത്തിയ നിരവധി ഗാനങ്ങൾ പങ്കുവച്ച ഈസ്റ്റ് കോസ്റ്റിനു ആരാധകർ ഇന്നും ഏറെയാണ്. ഈസ്റ്റ് കോസ്റ്റ് വിജയന്റെ തൂലികയിലെ പ്രണയ അക്ഷരങ്ങൾക്ക് ബാലഭാസ്കറും എം ജയചന്ദ്രനും വിജയ് കരുണുമെല്ലാം നൽകിയ സംഗീതം നിത്യ സുന്ദരമായ പ്രണയഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു.

കാല്പനികതയോ കാവ്യാത്മകതയോ നിറഞ്ഞു തുളുമ്പാതെ അതീവ ലളിതമായ വരികളിലൂടെ പ്രണയത്തെ, പ്രണയ വിരഹത്തെ ആവിഷ്കരിക്കുവാനാണ് ഈ ആൽബങ്ങളിലൂടെ ഈസ്റ്റ് കോസ്റ്റ് വിജയൻ ശ്രമിച്ചുകൊണ്ടിരുന്നത്. സാധാരണക്കാരന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന വരികളാണ് ഓരോ ആൽബത്തിലും അദ്ദേഹം കുറിച്ചിട്ടത്. ഏകാന്തതയിൽ ഏതൊരു ആണിനെയും പെണ്ണിനെയും പ്രണയത്തിൻറെ മറ്റൊരു ലോകത്തേക്ക്, വിരഹത്തിന്റെ , നോവിന്റെ പാതയിലേക്ക് കൊണ്ടുപോകുവാൻ ഈ ആൽബങ്ങൾക്കു കഴിഞ്ഞിരുന്നു. മൊബൈൽ ഫോണും ഇന്റർനെറ്റും ഒന്നുമില്ലാതെ ഇരുന്ന് ഒരു തലമുറ ഏറെ കേട്ടാസ്വദിച്ച ആൽബങ്ങളാണ് ഈസ്റ്റ് കോസ്റ്റിന്റെ ആദ്യകാല ആൽബങ്ങൾ. നിനക്കായി, ആദ്യമായി, ഓർമ്മയ്ക്കായി , സ്വന്തം എന്നീ ആൽബങ്ങൾ ടേപ്പ് റെക്കോർഡറിനെ അത്രമേൽ ഇഷ്ടപ്പെട്ടിരുന്ന, ആശ്രയിച്ചിരുന്ന മലയാളി ആഘോഷിച്ച ആൽബങ്ങൾ ആയിരുന്നു.

ബാലഭാസ്കറിന്റെ കയ്യൊപ്പ്

നിനക്കായി തോഴി പുനർജനിക്കാം… ഒന്നിനുമല്ലാതെ എനിക്കെന്തിനോ തോന്നിയൊരിഷ്ടം… ഈ രണ്ടു ഗാനങ്ങൾ സമ്മാനിച്ച നിനക്കായി എന്ന് ആൽബം മ്യൂസിക് ചെയ്തത് 17 വയസ്സുള്ള ബാലഭാസ്കർ ആണ്. അതുവരെയുള്ള ആൽബം സങ്കൽപ്പനകളെ മാറ്റിമറിച്ചുകൊണ്ട് വളരെ സിമ്പിൾ ആയ രീതിയിൽ അവതരിപ്പിക്കപ്പെട്ട ആൽബം ആയിരുന്നു നിനക്കായ്.. ഏറെക്കാലം മലയാളിയുടെ പ്രണയ സങ്കല്പനകളിൽ തന്നെ ഈ ഗാനങ്ങൾ ആഴത്തിൽ സ്വാധീനം ചെലുത്തുകയുണ്ടായി. തുടർന്നുള്ള ആൽബങ്ങളിലും ബാലഭാസ്കർ എന്ന പ്രതിഭയുടെ സർഗ്ഗ വൈഭവം പ്രകടമായിരുന്നു. അതിനു ശേഷം എം ജയചന്ദ്രനെന്ന സംഗീതസംവിധായകന്റെ മാന്ത്രികത നിറഞ്ഞ ഗാനങ്ങളെത്തി.

നൊസ്റ്റു നയന്റീസ് ..

96 കിഡ്സിന് ആഘോഷിക്കാൻ കിട്ടിയ വിഭവങ്ങളിൽ ഒന്നായിരുന്നു നിനക്കായ്, ആദ്യമായ്, ഓർമ്മക്കായ്, സ്വന്തം.. എന്നീ ആൽബങ്ങൾ. പ്രണയിക്കാൻ കൊതിക്കുന്നവരെ എത്രയും വേഗം പ്രണയിക്കാൻ പ്രേരിപ്പിച്ച ഗാനങ്ങൾ… പ്രണയിച്ചു നടക്കുന്നവരെ അത്രമേൽ മനോഹരമായി പ്രണയത്തെ ആസ്വദിക്കാൻ പ്രേരണയായ പാട്ടുകൾ. പ്രണയിച്ചു പിരിഞ്ഞവർക്ക് തങ്ങളുടെ കഴിഞ്ഞകാല പ്രണയത്തെ ആർദ്രമായി താലോലിക്കുവാൻ പറ്റിയ തരത്തിലുള്ള പാട്ടുകളാൽ സമ്പന്നമായിരുന്നു ഈസ്റ്റ് കോസ്റ്റിന്റെ പ്രണയ ആൽബങ്ങൾ. ഉള്ളിൽ കൊളുത്തി വലിക്കുന്ന ഹൃദയഹാരിയായ വരികളായിരുന്നു ഈ ഗാനങ്ങളിൽ നിറഞ്ഞുനിന്നിരുന്നത്. അതുകൊണ്ടുതന്നെ മലയാളിയുടെ നൊസ്റ്റാൾജിയയിൽ ആഴത്തിൽ പടർത്തി കിടക്കുന്നവയാണ് ഈ ഗാനങ്ങൾ ഓരോന്നും. നിനക്കായി (1998) ആദ്യമായി ( 1999) ഓർമ്മയ്ക്കായ് ( 2001) സ്വന്തം ( 2002) ഇനിയെന്നും (2004) എന്നെന്നും ( 2011 ) എന്നീ ആൽബങ്ങളുടെ കൂട്ടത്തിലേക്ക് വീണ്ടും (2025 ) എന്ന ആൽബവുമായി എത്തുകയാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ.

പ്രണയത്തെ ഭാവസുന്ദരമായി ആവിഷ്കരിക്കുന്ന ഗാനങ്ങളുടെ സമാഹാരങ്ങൾ .

എത്രയെത്ര പറഞ്ഞാലും പറഞ്ഞു തീരാത്ത അത്രയും പ്രണയത്തെക്കുറിച്ച് പറയുവാൻ കഴിയും അതിനുള്ള തെളിവാണ് ഓരോ ആൽബങ്ങളും. ആൽബങ്ങളോടുള്ള മലയാളികളുടെ കമ്പം കുറഞ്ഞു എന്ന് പലരും പറയുമ്പോഴും തുടർച്ചയായി പ്രണയ ആൽബങ്ങൾ ഇറക്കിക്കൊണ്ടുതന്നെ വിപണിയിൽ ശ്രദ്ധേയമായ സ്ഥാനം നേടുവാൻ ഈസ്റ്റ് കോസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. അതിൻറെ ഒരു തുടർച്ച എന്ന നിലയിലാണ് 2025 വീണ്ടും എന്ന മ്യൂസിക്കൽ ആൽബവുമായി എത്തുന്നത്. മുൻകാലങ്ങളിലെ പോലെ പ്രണയത്തെ മനോഹരമായി ആൽബവും തയ്യാറാക്കപ്പെട്ടിരിക്കുന്നത്. പ്രണയമുള്ള കാലത്തോളം പ്രണയം നിലനിൽക്കുന്ന അത്രയും കാലം ഈസ്റ്റ് കോസ്റ്റിന്റെ പ്രണയ ആൽബങ്ങളും നിലനിൽക്കുക തന്നെ ചെയ്യും. മലയാളം സിനിമാഗാനങ്ങൾക്ക് ലഭിച്ച സ്വീകാര്യതയെക്കാൾ എത്രയോ ഇരട്ടി മടങ്ങാണ് ഈ ആൽബം സോങ്ങുകൾക്ക് ലഭിച്ചത് എന്നുള്ളത് ആൽബം ചരിത്രത്തിലെ നാഴികല്ലുകളിൽ ഒന്നാണ്. മലയാളിയുടെ ആസ്വാദന വഴികളിൽ നിറഞ്ഞു പടരുവാൻ ഈസ്റ്റ് കോസ്റ്റിന്റെ പ്രണയ ആൽബങ്ങൾക്ക് കഴിഞ്ഞു എന്നത് ഒട്ടും അത്ഭുതകരമായ ഒന്നല്ല മലയാളിയുടെ പ്രണയത്തിനൊപ്പം ജീവിതത്തിനൊപ്പം സഞ്ചരിക്കുവാൻ ഈ ആൽബങ്ങൾക്ക് കഴിഞ്ഞു, ഒരു പക്ഷേ കാലാതീതമായ ഒരു സഞ്ചാരം കൂടിയാണ് എന്ന് പറയാം ഈ ഗാനങ്ങളുടെ യാത്ര.

മമ്മൂട്ടി എന്ന മാന്ത്രിക ശബ്ദം

ഈസ്റ്റ് കോസ്റ്റിന്റെ പ്രണയ ആൽബങ്ങളെ ജനകീയമാക്കുന്നതിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി വഹിച്ച പങ്ക് ചെറുതല്ല. ഏതൊരു മലയാളിയെയും ഒരു ഞൊടിയിടയിൽ ആകർഷിക്കുവാൻ പോകുന്ന ശബ്ദം സൗഭാഗ്യമുള്ള മമ്മൂട്ടിയുടെ താരപ്രഭാവത്തെയും ശബ്ദ സൗന്ദര്യത്തെയുമാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ പ്രണയ ആൽബത്തിലൂടെ മലയാളികളുടെ മുമ്പിലേക്ക് എത്തിച്ചത്. 80കളിലെയും 90കളിലേയും നിരവധി പ്രണയ ചിത്രങ്ങളിൽ ആദർശവാനായ പ്രണയ നായകനായി എത്തിയ മമ്മൂട്ടിയോളം പോകുന്ന മറ്റൊരു നായകനില്ല. അദ്ദേഹം തന്നെയാണ് ഈ അവതരണത്തിന് ചേരുന്നത് എന്ന് തിരിച്ചറിവായിരുന്നിരിക്കണം അതിലേക്ക് എത്താൻ പ്രേരിപ്പിച്ചത്. ആൽബത്തിന് മമ്മൂട്ടിയുടെ മാന്ത്രിക ശബ്ദം നൽകിയ ഊർജ്ജംവളരെ വലുതാണ് സിനിമ നടി നടന്മാരുടെ സാന്നിധ്യവും ശബ്ദവും ഒക്കെ അത്യപൂർവ്വമായി മാത്രം ലഭ്യമായിരുന്ന മലയാളിക്ക് ലഭിച്ച വലിയൊരു സമ്മാനമായിരുന്നു മമ്മൂട്ടിയുടെ ഈ ശബ്ദം എന്ന് പറയാം. ഹൃദയത്തിലേക്ക് എത്തുന്ന വാക്കുകളിലൂടെ മമ്മൂട്ടിയെന്ന മഹാനടൻ പ്രണയ ആൽബത്തെ ചേർത്തുവച്ചു.

മുൻനിര ഗായകരുടെ സാന്നിധ്യം

മലയാളത്തിന്റെ പ്രിയ ഗായകരുടെ വലിയൊരു നിര തന്നെയാണ് ഈ ആൽബങ്ങളിൽ അണിചേർന്നത്. യേശുദാസ് , ജയചന്ദ്രൻ ,എം ജി ശ്രീകുമാർ, ബിജു നാരായണൻ, ചിത്ര, സുജാത, ഹരിഹരൻ ഉൾപ്പെടെയുള്ള വൻ താരനിരയാണ് ഈസ്റ്റ് കോസ്റ്റ് ആൽബങ്ങളെ സമ്പന്നമാക്കിയത്. നിനക്കായ് തോഴി പുനർജനിക്കാം ,ആദ്യമായി കണ്ടനാൾ ഓർമ്മയുണ്ടോ, ഓർമ്മയ്ക്കായി ഇനിയൊരു സ്നേഹ ഗീതം, ജീവന്റെ ജീവനാം കൂട്ടുകാരീ, എന്നിണക്കിളിയുടെ നൊമ്പര ഗാനം, ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ, അരികിലില്ലെങ്കിലും അറിയുന്നു ഞാൻ , യാമിനി ഹൃദയ വിഹാരിണീ ഉൾപ്പെടെ അനേകം ഗാനങ്ങൾ ഈ ഗായകരിലൂടെയാണ് നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലേക്ക് എത്തിയത്.

ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ കാലത്ത് പോലും മലയാളിക്ക് തന്റെ നൊസ്റ്റാൾജിയ ഓർത്തെടുക്കാതിരിക്കാനാവില്ല. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഈസ്റ്റ് കോസ്റ്റ് ആൽബങ്ങൾ. പ്രണയം നിലനിൽക്കുന്നിടത്തോളം കാലം ഈ ഗാനങ്ങളും നിലനിൽക്കുക തന്നെ ചെയ്യും. ഈ സംഗീത ശ്രേണിയിൽ ‘വീണ്ടും’ വിജയമായി മാറട്ടെ..

shortlink

Related Articles

Post Your Comments

Related Articles


Back to top button