തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുണനിലവാരമില്ലാത്ത പിപിഇ കിറ്റുകള്‍ വിതരണം ചെയ്‌തെന്ന് പരാതി. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്ത പിപിഇ കിറ്റുകളാണ് ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയത്. അഴുക്കും ചെളിയും രക്തക്കറയും പറ്റിയ കിറ്റുകളാണ് പലതും. ഉപയോഗിച്ച പിപിഇ കിറ്റുകള്‍ വീണ്ടും എത്തിച്ചതാണോയെന്നാണ് സംശയം.
എട്ട് ബോക്‌സ് പിപിഇ കിറ്റുകളാണ് മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് നല്‍കിയത്. പെട്ടികള്‍ പൊട്ടിച്ചതോടെയാണ് പിപിഇ കിറ്റുകള്‍ പലതും അഴുക്ക് പുരണ്ടതാണെന്ന് കണ്ടെത്തിയത്. കറ വീണതും മുടി അടക്കം മാലിന്യവും ഈ പിപിഇ കിറ്റുകളില്‍ കണ്ടെത്തി.
സ്റ്റോറില്‍ നിന്ന് രേഖാമൂലം പരാതി നല്‍കിയതോടെ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ഇടപെട്ടു. നെസ്‌ലേ കമ്പനി ഭക്ഷ്യ സുരക്ഷാ വകുപ്പിന് സംഭാവനയായി നല്‍കിയ കിറ്റുകളാണിതെന്നും ഇത് അതേപടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്ക് നല്‍കുകയായിരുന്നുവെന്നും മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ വിശദീകരിക്കുന്നു. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കിറ്റുകള്‍ നശിപ്പിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments