കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് നടൻ ധർമജൻ ബോൾഗാട്ടി. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ തനിക്ക് ചെയ്യാവുന്നതെല്ലാം കോൺഗ്രസിനുവേണ്ടി ചെയ്യും. കാരണം ഈ സർക്കാർ ലോക തോൽവിയാണ്. എല്ലാ വിഭാഗം ജനങ്ങളും സർക്കാരിന്റെ പ്രവർത്തികളിൽ മനം മടുത്തു കഴിഞ്ഞു. ഒരു മാറ്റത്തിനു വേണ്ടി എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ സർക്കാരിൻറെ തുടർച്ച ഉണ്ടാകാതിരിക്കാൻ തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്യാൻ തന്നെയാണ് തീരുമാനം എന്നും അത് സ്ഥാനാർത്ഥിയായി മത്സരിച്ച് കൊണ്ട് അല്ലെങ്കിലും ഉണ്ടാകും എന്നും ധർമ്മജൻ പറഞ്ഞു.
സ്ഥാനാർത്ഥിയായി മത്സരിക്കാൻ കഴിയുമോ എന്ന് അറിയില്ല . യോഗ്യരായ നിരവധി പേരുണ്ട്, എങ്കിലും അവസരം ലഭിച്ചാൽ മത്സരിക്കും.അതിന് കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ധർമജൻ വ്യക്തമാക്കി. ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടാൽ കോൺഗ്രസിന് അനായാസം കേരളത്തിൽ വിജയം നേടാൻ കഴിയും. പക്ഷേ അതിന് പ്രവർത്തകരും നേതാക്കളും മനസ്സ് വയ്ക്കണം. ഭിന്നതകൾ എല്ലാം പറഞ്ഞു തീർത്തു ഒരേമനസ്സോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയണം. രാജ്യത്ത് എവിടെയും മാറ്റങ്ങളുണ്ടാക്കാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളൂ എന്നും ധർമജൻ പറഞ്ഞു.
ബാലുശ്ശേരിയിൽ തൻറെ പേര് ഉയർന്ന് കേൾക്കുന്നത് എങ്ങനെ എന്ന് അറിയില്ല . അവിടെ തനിക്ക് ഒട്ടനവധി സുഹൃത്തുക്കൾ ഉണ്ട്. ടി സിദ്ദിഖ് ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധവുമുണ്ട്. നിരവധി പൊതു പരിപാടികളുമായി താനവിടെ പോകാറുമുണ്ട്. ഈ സൗഹൃദങ്ങളെല്ലാം ചേർത്തായിരിക്കും ഇവിടെ തന്റെ പേര് കേട്ടതെന്നും ധർമജൻ പറയുന്നു.
Post Your Comments