തിരുവനന്തപുരം : ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് തന്നെ ചോദ്യം ചെയ്യുമെന്ന വാർത്ത നിഷേധിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. തന്നെ ചോദ്യം ചെയ്യും എന്നത് മാധ്യമ വാർത്തകൾ മാത്രമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും സ്പീക്കർ പറഞ്ഞു.
സ്പീക്കറുടെ സുഹൃത്തായ നാസ് അബ്ദുള്ളയെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്തിരുന്നു. യുഎഇ കോണ്‍സുലേറ്റിന്‍റെ മുൻ ചീഫ് അക്കൗണ്ട് ഓഫീസർ ഖാലിദ് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് കസ്റ്റംസിന്‍റെ നിർണായക നടപടികൾ.
സ്പീക്കർ ഉപയോഗിക്കുന്ന ഒരു സിം കാർഡ് നാസിന്‍റെ പേരിൽ എടുത്തതാണെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. നയതന്ത്ര ബാഗേജിൽ നിന്ന് സ്വർണ്ണം കണ്ടെടുത്ത ജൂലൈ ആദ്യവാരം മുതൽ സിം കാര്‍ഡ് പ്രവർത്തിക്കുന്നില്ല. ഇത് സംബന്ധിച്ച വിവരങ്ങൾക്കായാണ് നാസിന്‍റെ മൊഴിയെടുത്തത്. ഇതിനു പിന്നാലെയാണ് സ്പീക്കറെയും ചോദ്യം ചെയ്യുമെന്ന് അഭ്യൂഹങ്ങൾ പരന്നത്.
എന്നാൽ കേസുമായി ബന്ധപ്പെട്ട് സ്‌പീക്കറുടെ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ ജനുവരി 8ന് കസ്‌റ്റംസ് ചോദ്യം ചെയ്‌തിരുന്നു. സ്‌പീക്കറുടെ യാത്രാവിവരങ്ങളും സന്ദർശക വിവരങ്ങളും ടൂർ ഡയറിയിലെ വിവരങ്ങളുമറിയാനാണ് അയ്യപ്പനെ അന്ന് ചോദ്യം ചെയ്‌തത്.
Post Your Comments