കിളിമാനൂർ : പുല്ലയിൽ മൊട്ടലുവിള പ്രദേശത്തുണ്ടായ കാട്ടുതേനീച്ചകളുടെ ആക്രമണത്തിൽ ഒരാൾ മരണപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന മൊട്ടലുവിള രേവതിഭവനിൽ വി.ബാബുവാണ് തേനീച്ചയുടെ ആക്രമണത്തിൽ മരിച്ചത്.
ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു തേനീച്ചയുടെ ആക്രമണം.ബാബുവിനെ സമീപത്തെ കേശവപുരം ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൊട്ടലുവിള സൗപർണികയിൽ സരളയുടെ പുരയിടത്തിലെ മാവിൽ കൂടുകൂട്ടിയ തേനീച്ചകളാണ് രാവിലെയും വൈകീട്ടുമായി നിരവധി പേരെ ആക്രമിച്ചത്.
രാവിലെ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയെങ്കിലും ഒന്നും ചെയ്യാനാകാതെ മടങ്ങി. വൈകുന്നേരം ആക്രമണമുണ്ടായതോടെ സ്ഥിതി ഗുരുതരമായി.തുടർന്ന് ജനപ്രതിനിധികളും പോലീസ്, അഗ്നിരക്ഷാസേന, വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
കൂട് അടിയന്തരമായി നശിപ്പിക്കണമെന്ന ആവശ്യത്തെ തുടർന്ന് വനംവകുപ്പ് സെക്ഷൻ ഓഫീസർ അജയകുമാറിന്‍റെ നേതൃത്വത്തിലെത്തിയ പാമ്പുപിടിത്തക്കാരനായ വിതുര സനൽരാജ് രാത്രി 8.30ഓടെയാണ് കൂട് തീവെച്ച് നശിപ്പിച്ചത്.
Post Your Comments