തിരുവനന്തപുരം : കേരളത്തിലെ അവശരായ മുസ്ലിം വിഭാഗം പ്രത്യേക സംവരണത്തിന് അർഹരാണെന്ന് മന്ത്രി കെ ടി ജലീൽ. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ 80 : 20 അനുപാതത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണം ചെയ്യുന്നത്. സർക്കാരിന് അങ്ങനെ ആരോടും പ്രത്യേക മമതയോ പരിഗണനയില്ലായ്മയോ ഒന്നുമില്ല , ജലീൽ പറഞ്ഞു.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്‍റെ ഫണ്ട് വിതരണത്തിൽ അനീതിയുണ്ടെന്ന ക്രിസ്ത്യൻ സമൂഹത്തിന്‍റെ പരാതി അടിസ്ഥാനരഹിതമാണെന്നും, തെറ്റിദ്ധാരണ മാറ്റാൻ ക്രിസ്ത്യൻ മതസമൂഹങ്ങൾക്കായി സർക്കാർ പ്രത്യേക പാക്കേജ് സർക്കാർ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് അത് പരിഹരിക്കാൻ ചരിത്രത്തിലാദ്യമായി ഒരു കമ്മീഷനെ നിയോഗിച്ചത് ഈ സർക്കാരാണെന്ന് കെ ടി ജലീൽ പറഞ്ഞു. അത്തരത്തിൽ ഒരു തെറ്റിദ്ധാരണയും ക്രിസ്ത്യൻ സമൂഹത്തിന് വേണ്ടതില്ലെന്നും ജലീൽ കൂട്ടിച്ചേർത്തു .
സംസ്ഥാനത്തെ ന്യൂനപക്ഷവകുപ്പിന്‍റെ ഫണ്ട് വിതരണത്തിൽ അനീതിയുണ്ടെന്ന പരാതി ക്രിസ്ത്യൻ സഭാ നേതാക്കൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു . സ്കോളർഷിപ്പ് വിതരണാനുപാതത്തിൽ പ്രശ്നമുണ്ടെന്ന ആരോപണവും അതിന് ശേഷം സഭാനേതാക്കൾ പരസ്യമായി ഉന്നയിച്ചു.
Post Your Comments