തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക്കിന് ഒരുനിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രി രാജിവെച്ച് ഒഴിയണമെന്നും ചെന്നിത്തല പറഞ്ഞു.
സി.എ.ജിയുടെ കണ്ടെത്തല്‍ സംസ്ഥാനത്ത് ഗുരുതമായ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കി. അതുകൊണ്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ പ്രതിപക്ഷം ചോദിച്ച ഒരു ചോദ്യങ്ങള്‍ക്കും നീതിപൂര്‍വ്വമായ മറുപടി മന്ത്രി പറഞ്ഞില്ല. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. മന്ത്രിയുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്. അതുകൊണ്ടാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോന്നതെന്നും ചെന്നിത്തല പറഞ്ഞു.
കിഫ്ബിയിലൂടെ വിദേശത്തുനിന്ന് കടമെടുത്തതും നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുമ്പ് സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയതും ഐസക് ചെയ്ത ഗുരുതരമായ തെറ്റാണെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു. ഈ രണ്ട് തെറ്റുകളും ഐസക് ബോധപൂര്‍വ്വം ചെയ്തതാണ്. മസാല ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് അറിയാത്ത ആളല്ല ധനമന്ത്രിയെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭയില്‍ വയ്ക്കുന്നതിന് മുമ്പ് സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിക്കൊടുത്ത സംഭവം എത്തിക്‌സ് കമ്മിറ്റിയല്ല മറ്റേത് കമ്മിറ്റി ന്യായീകരിക്കാന്‍ ശ്രമിച്ചാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Post Your Comments