തിരുവനന്തപുരം: പാര്‍ലമെന്റില്‍ തോറ്റ് തൊപ്പിയിട്ടവര്‍ നിയമസഭയില്‍ അങ്കത്തട്ടില്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റ സി പി എമ്മിലെ വന്‍നിരയാണ് ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് സാദ്ധ്യതാ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത് . ലോക്സഭയില്‍ രാഷ്ട്രീയ പരാജയം ആയിരുന്നു എന്നതിനാല്‍ തന്നെ ഇവരില്‍ ഭൂരിഭാഗത്തെയും നിയമസഭയിലേക്ക് പരിഗണിക്കണമെന്ന അഭിപ്രായമാണ് നേതാക്കള്‍ക്കുളളത്.
Read Also : സിപിഎം-ഡിവൈഎഫ്‌ഐ സംഘടിത ആക്രമണം ; യുവമോർച്ച പ്രവർത്തകന് വെട്ടേറ്റു
മലപ്പുറം ലോക്സഭ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പരീക്ഷിച്ച എസ് എഫ് ഐ ദേശീയ അദ്ധ്യക്ഷന്‍ വി പി സാനുവിനെ ജില്ലയിലെ ഏതു മണ്ഡലത്തിലും മത്സരിപ്പിച്ചേക്കാമെന്നാണ് സൂചന. യു ഡി എഫ് തരംഗം ആഞ്ഞു വീശിയതിനാലാണ് കാസര്‍കോട് പരാജയപ്പെട്ടത് എന്നതിനാല്‍ കെ പി സതീഷ് ചന്ദ്രനെ നിയമസഭയില്‍ പരിഗണിക്കണമെന്ന അഭിപ്രായം ശക്തമാണ്. കാസര്‍കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും മത്സരിക്കാന്‍ നില്‍ക്കുകയാണ് എന്നതിനാല്‍ സതീഷ് ചന്ദ്രന് ഏത് സീറ്റ് നല്‍കുമെന്നതാണ് പ്രധാന വിഷയം.
ജോസ് വിഭാഗത്തിനെ എല്‍ ഡി എഫിന്റെ ഭാഗമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച വി എം വാസവനെ ഏറ്റുമാനൂരില്‍നിന്ന് മത്സരിപ്പിക്കാനുളള സാദ്ധ്യത സിറ്റിംഗ് എം എല്‍ എ ആയ സുരേഷ് കുറുപ്പിന് വീണ്ടും സീറ്റ് നല്‍കുമോ എന്നതിനെ ആശ്രയിച്ചിരിക്കും. ആറ്റിങ്ങലില്‍ തോറ്റ ശേഷവും ക്യാബിനറ്റ് പദവിയോടെ ഡല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധിയായ എ സമ്പത്തിനെ തിരുവനന്തപുരം സീറ്റ് പിടിക്കാന്‍ പരീക്ഷിച്ചേക്കാം.
കെ എന്‍ ബാലഗോപാലിന്റെ പേര് കൊല്ലത്തെ പല മണ്ഡലങ്ങളില്‍ നിന്നും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. മറ്റൊരു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ പി രാജീവിന് സീറ്റ് ലഭിച്ചാല്‍ അദ്ദേഹം കളമശേരിയില്‍ നിന്ന് മത്സരിക്കാനാണ് സാദ്ധ്യത. പാലക്കാടും ആലത്തൂരും അടിതെറ്റിയ പി കെ ബിജുവും എം ബി രാജേഷും മലമ്പുഴയിലോ തൃത്താലയിലോ മത്സരിച്ചേക്കും. കോങ്ങാടും തരൂരും ബിജുവിന് സാദ്ധ്യതയുളള മണ്ഡലമാണ്. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിജുവിന് അവിടെയും സാദ്ധ്യതയുണ്ട്.
വടകരയില്‍ സ്ഥാനാര്‍ത്ഥി ആക്കാന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയ പി ജയരാജന് തിരഞ്ഞെടുപ്പില്‍ അടിതെറ്റിയതോടെ നിലവില്‍ പദവികളില്ല. രണ്ട് ടേം പൂര്‍ത്തിയാക്കിയതിന്റെ പേരില്‍ കണ്ണൂരിലെ പാര്‍ട്ടി കോട്ടകളില്‍നിന്നു ചിലരെ സി പി എം മാറ്റിയാല്‍ ജയരാജന് വഴി തെളിയും.
Post Your Comments