അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും റോസ്‌റ്റ് ചെയ്തെടുക്കുന്ന മഹത്തായ അടുക്കള എന്നാണ് സോഷ്യൽ മീഡിയകളിൽ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസിന് ശേഷം ജിയോ ബേബി രചനയും സംവിധാനവും നിർവഹിച്ച സിനിമയെ കുറിച്ച് പറയുന്നത്. ചിത്രം കണ്ടതിനുശേഷം നിരവധി ആളുകളാണ് സ്വന്തം അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത്. അത്തരത്തിൽ താൻ കുട്ടിയായിരുന്നപ്പോൾ മലയ്ക്ക് പോകാൻ മാലയിട്ടപ്പോഴുള്ള അനുഭവം പങ്കു വെയ്ക്കുകയാണ് നിഷ ചോലയിൽ എന്ന യുവതി.
മാലയിട്ടിരിക്കുന്ന സമയത്ത് അയിത്തമായിരിക്കുന്ന അച്ഛൻ പെങ്ങളെ കാണാനിടവരികയും വിവരം അച്ചച്ഛയെയും അച്ഛമ്മയേയും അറിയിച്ചപ്പോൾ അവർ ശുദ്ധിവരുത്താനായി ചാണക ഉരുള കഴിക്കാതെ പ്രതിവിധി ഇല്ലെന്നു പറഞ്ഞ് ചെറിയ നെല്ലിക്കയോളം വലിപ്പം വരുന്ന ചാണക ഉരുള കഴിച്ച് മുങ്ങിക്കുളിച്ച് ശുദ്ധി വരുത്തുകയും ചെയ്തിട്ടുണ്ടെന്ന് നിഷ സിനിമ പാരഡിസോ ക്ളബ്ബിൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. കേരളത്തിൽ തന്നെ പലയിടങ്ങളിലും പലതരം ആചാരങ്ങളാണ് നിലനിന്നിരുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ചിലർ പറയുന്നു. എന്നാൽ, അത് അച്ചച്ഛയുടെയും അച്ഛമ്മയുടെയും അബദ്ധധാരണയായിരുന്നുവെന്ന് പറയുന്നവരും ഉണ്ട്. ഗ്രൂപ്പിൽ പങ്കുവെച്ച പോസ്റ്റിങ്ങനെ:
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ്(2005) ശബരിമലയ്ക്ക് പോകുവാൻ ആദ്യമായും അവസാനമായും മാലയിടുന്നത്. തറവാട്ടിൽ തന്നെ അയ്യപ്പക്ഷേത്രമുള്ളതിനാലും അച്ചച്ഛൻ ഗുരുസ്വാമി ആയതിനാലും ചിട്ടകൾ കൂടുതലാണ്. മണ്ഡലമാസകാലത്താണേലും അല്ലാതേയും പിരീഡ്സാവുന്ന വല്ല്യമ്മ അമ്മായിമാരൊക്കെ നമ്മുടെ വീട്ടിലോ അടുത്തുതന്നെ ഉള്ള ബന്ധുവീടുകളിലോ അയ്യപ്പൻമാരെ കാണാതിരിക്കാൻ മാറിയിരിക്കുന്ന പതിവുണ്ട്.
The Great Indian Kitchen ൽ ഒരു കഥാപാത്രം മലയ്ക്കു മാലയിട്ട് വ്രതമിരിക്കുമ്പോൾ അയിത്തമായിരിക്കുന്ന സ്ത്രീയെ കണ്ടാൽ/തൊട്ടാൽ പ്രതിവിധിയായി ചാണകത്തിന്റെ ഉരുള വിഴുങ്ങുകയോ പച്ചചാണകവെള്ളം കുടിച്ച് ശുദ്ധീകരിക്കുകയോ ചെയ്യാനുപദേശിക്കുന്നുണ്ട്. ഇതേ സാഹചര്യം അന്ന് ഞാനും അഭിമുഖീകരിച്ചതാണ്.
മാലയിട്ടിരിക്കുന്ന സമയത്ത് അയിത്തമായിരിക്കുന്ന അച്ഛൻ പെങ്ങളെ കാണാനിടവരികയും, മനസ്സിൽ ചെറുപ്പത്തിലെ കുത്തിവെച്ച ഭക്തിയുടെ വിഷവും, അവരെ കണ്ടാൽ ശാപമാണെന്നുള്ള ചിന്ത മനസ്സിലുള്ളതുകൊണ്ടും എന്തോ വലിയ പാപം ചെയ്തുവെന്ന കുറ്റബോധവും കാരണം കാര്യം അച്ചച്ഛയെയും അച്ഛമ്മയേയും അറിയിക്കുകയും ശുദ്ധിവരുത്താനായി ചാണക ഉരുള കഴിക്കാതെ പ്രതിവിധി ഇല്ലെന്നു പറഞ്ഞ് ചെറിയ നെല്ലിക്കയോളം വലിപ്പം വരുന്ന ചാണക ഉരുള കഴിച്ച് മുങ്ങിക്കുളിച്ച് ശുദ്ധി വരുത്തിച്ചിട്ടുണ്ട്.
അടുക്കളയിൽ എച്ചിൽ പാത്രങ്ങൾ മടുപ്പോടെ കഴുകിവെച്ച്, കൈകൾ പലതവണ കഴുകി
എച്ചിൽ മണമുണ്ടോയെന്നു പിന്നെയും മണത്തു നോക്കുന്ന നിമിഷയെ കണ്ടപ്പോൾ ചാണകം കഴിച്ച് ഓക്കാനിച്ചു നടന്ന, ഇപ്പഴും അതോർക്കുമ്പോൾ അടിവയറ്റിൽ നിന്ന് മുകളിലോട്ടെടുക്കുന്ന തികട്ടലും ഒരുപോലെ തോന്നി.
Post Your Comments