കൊവിഡ് മഹാമാരി വന്നതോടെയാണ് സംസ്ഥാന സർക്കാർ സൗജന്യ ഭക്ഷ്യക്കിറ്റ് പ്രഖ്യാപിച്ചതും വിതരണം ചെയ്ത് തുടങ്ങിയതും. കൊവിഡിൽ വലയുന്ന ജനങ്ങൾക്ക് ആശ്വാസമെന്നോണമായിരുന്നു സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അവതരിപ്പിക്കപ്പെട്ടത്. എന്നാൽ, വിഷയത്തിൽ സർക്കാരിനെതിരെ പരാതിയുമായി റേഷൻ വ്യാപാരികൾ.
കിറ്റ് വിതരണത്തിന്റെ കമ്മീഷൻ ഇതുവരെ ലഭിച്ചില്ലെന്നാണ് റേഷൻ വ്യാപാരികളുടെ പരാതി. ഏപ്രിൽ മുതൽ സംസ്ഥാനത്ത് കിറ്റ് വിതരണം തുടങ്ങിയെങ്കിലും ഒരു മാസത്തെ കമ്മീഷൻ മാത്രമാണ് ഇതുവരെ വ്യാപാരികൾക്ക് നൽകിയത്. കഴിഞ്ഞ എട്ടുമാസത്തെ കമ്മീഷനാണ് സർക്കാർ ഇതുവരെ നൽകാത്തത്.
ഏപ്രിൽ മാസത്തിലെ കിറ്റ് വിതരണത്തിന്റെ പണം മാത്രമാണ് റേഷൻ വ്യാപാരികൾക്ക് ഇതുവരെ ലഭിച്ചത്. ഒരു കിറ്റിന് ഏഴ് രൂപ എന്ന കണക്കിനാണ് കമ്മീഷൻ നൽകുന്നത്. എന്നാൽ, ഈ തുക വർധിപ്പിക്കണമെന്ന ആവശ്യവും സർക്കാർ അംഗീകരിച്ചിരുന്നില്ല. ഇതോടെ തുക വർധിപ്പിച്ചില്ലെങ്കിലും തരാമെന്ന് പറഞ്ഞ പണമെങ്കിലും നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
റേഷൻ വ്യാപാരികളിൽ ചിലർ കിറ്റ് സൂക്ഷിക്കാനായി വാടകയ്ക്ക് മുറികളെടുക്കുക വരെ ചെയ്തിട്ടുണ്ട്. തുക വർധിപ്പിച്ചില്ലെന്ന് മാത്രമല്ല, പറഞ്ഞ തുക നൽകാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത് റേഷൻ വ്യാപാരികളാണ്.
Post Your Comments