ന്യൂഡല്‍ഹി: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാപിറ്റോള്‍ ഹാളില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരിയ്ക്കുന്ന വേളയിൽ ഇന്ത്യക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത് മറ്റൊരു കാര്യമാണ്. ട്രംപിന് അനുകൂല മുദ്രാവാക്യം വിളിച്ച് പ്രതിക്ഷേധിക്കുന്നവര്‍ക്കിടയില്‍ പാറി പറക്കുന്ന ഒരു ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാകയായിരുന്നു അത്.
എന്നാൽ പതാക വീശിയത് കൊച്ചി സ്വദേശിയായ 54കാരന്‍ വിന്‍സെന്റ് സേവ്യര്‍ പാലത്തിങ്കലാണ്. വ്യവസായിയായ ഇയാള്‍ 1992 ല്‍ കൊച്ചിയില്‍ നിന്ന് അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു. ഇന്ത്യന്‍ ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്താന്‍ തനിക്ക് യാതൊരു ഉദ്ദേശ്യവുമുണ്ടായിരുന്നില്ലെന്നും രാജ്യ സ്നേഹം കൊണ്ട് മാത്രമാണ് ഇന്ത്യന്‍ പതാക വീശിയതെന്നും വിര്‍ജീനിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്റ്റേറ്റ് സെന്‍ട്രല്‍ കമ്മിറ്റി അംഗം കൂടിയായ വിന്‍സെന്റ് പറഞ്ഞു. “എന്റെ ദേശസ്നേഹം കാരണമാണ് ഞാന്‍ ഇന്ത്യന്‍ പതാക എടുത്തത്. അതിനെ അപകീര്‍ത്തിപ്പെടുത്താനോ ചീത്തപ്പേര് നല്‍കാനോ അല്ല അത് ചെയ്തത്,”വിന്‍സെന്റ് ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു. കാപിറ്റോള്‍ ആക്രമണത്തിന് പിന്നാലെ ത്രിവര്‍ണ്ണ പതാകയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇന്ത്യന്‍ ദേശീയ പതാക ദുരുപയോഗം ചെയ്‌തുവെന്ന തരത്തില്‍ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിന്‍സെന്റിന്റെ പ്രതികരണം. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ പ്രതിനിധീകരിക്കുന്നതിനാണ് പതാക ഉയര്‍ത്തിയതെന്നും കാപിറ്റോള്‍ കെട്ടിടത്തില്‍ നാശം വിതച്ച “അക്രമികളുമായി” തനിക്ക് ബന്ധമില്ലെന്ന് വിന്‍സെന്റ് കൂട്ടിച്ചേര്‍ത്തു. ആക്രമണം നടത്തിയവര്‍ ഇടതുപക്ഷ ഫാസിസ്റ്റ് വിരുദ്ധ സംഘമായ ആന്റിഫയോ, ബ്ലാക്ക് ലൈവ്സ് മാറ്ററോ (ബിഎല്‍എം) പോലുള്ള പ്രസ്ഥാനത്തില്‍ നിന്നുള്ളവരായിരിക്കാമെന്നും വിന്‍സെന്റ് പറയുന്നു.
Post Your Comments