തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ രാജന്‍-അമ്പിളി ദമ്പതികളുടെ ആത്മഹത്യയിലേയ്ക്ക് നയിച്ച ഏറെ വിവാദമായ തര്‍ക്കഭൂമി അവസാനം വസന്തയുടേതാണെന്ന് റിപ്പോര്‍ട്ട്. മരിച്ച രാജന്‍ നെയ്യാറ്റിന്‍കരയിലെ ഭൂമി കയ്യേറിയതെന്നാണ് തഹസില്‍ദാര്‍ റിപ്പോര്‍ട്ടു നല്‍കിയത്. ഭൂമി പുറമ്പോക്കാണെന്ന വാദം തെറ്റാണെന്നാണ് തഹസില്‍ദാറിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് തഹസില്‍ദാര്‍ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. രാജന്റെ അയല്‍വാസിയായ വസന്ത, സുഗന്ധി എന്നയാളില്‍ നിന്നും ഭൂമി വില കൊടുത്ത് വാങ്ങിയതാണെന്നാണ് തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട്. അതേസമയം ഭൂമിയുടെ വില്‍പന സാധുവാണോയെന്നത് സര്‍ക്കാര്‍ പരിശോധിക്കണ്ടേതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also : അങ്കനവാടി ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
ലക്ഷം വീട് കോളനിയിലെ സ്ഥലം കൈമാറിക്കിട്ടിയതാണെന്നാണ് പരാതിക്കാരിയായ രാജന്റെ അയല്‍വാസി വസന്ത ഉന്നയിച്ചിരുന്ന വാദം. പട്ടയം ഉണ്ടെന്ന് വസന്ത പറയുമ്പോള്‍ ഇല്ലെന്നായിരുന്നു രാജന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഭൂമിയുടെ ഉടമസ്ഥാവാകാശത്തെക്കുറിച്ച് കളകട്ര് നെയ്യാറ്റിന്‍കര തഹസില്‍ദാറോട് റിപ്പോര്‍ട്ട് തേടിയത്.
വസന്തയുടെ ഹര്‍ജിയില്‍ രാജന്‍ ഈ മാസം 22ന് കൈയേറ്റ ഭൂമി ഒഴിയണമെന്നായിരുന്നു നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയുടെ വിധി. കൈയേറ്റ ഭൂമിയില്‍ നിന്നും രാജനെ ഒഴിപ്പിക്കാനായ നെയ്യാറ്റിന്‍കര എസ്ഐയും കോടതിയിലെ ഉദ്യോഗസ്ഥരുമെത്തിയപ്പോഴായിരുന്നു ആത്മഹത്യ ഭീഷണി. മൂന്നു സെന്റഭൂമിയില്‍ ഷെഡ് കെട്ടിതാമസിക്കുന്ന രാജന്‍ ഭാര്യയൊമൊത്ത് ശരീരത്തില്‍ പെട്രോളൊഴിച്ച് ഭീഷണിമുഴക്കുകയായിരുന്നു.
ഇതേ ഭൂമി മറ്റ് മൂന്ന് പേരുടെ പേരിലാണെന്ന് കാണിച്ച് നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസില്‍ നിന്നു വിവരാവകാശ രേഖ രാജന് നല്‍കിയത് നേരത്തെ വാര്‍ത്തയായിരുന്നു. ഈ തെറ്റായ രേഖയെ ആശ്രയിച്ചായിരുന്നു പുറമ്പോക്ക് ഭൂമി സ്വന്തമാക്കാന്‍ രാജന്‍ പോരാട്ടം നടത്തിയത്. നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസില്‍ നിന്ന് രാജന് നേരത്തെ ലഭിച്ച രേഖയില്‍ ഇതേ ഭൂമി വെണ്‍പകല്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍ എസ് സുകുമാരന്‍ നായര്‍, കെ കമലാക്ഷി, കെ വിമല എന്നിവരുടെ പേരുകളിലാണ് എന്നായിരുന്നു. ഈ രേഖയുമായാണ് രാജന്‍ നിയമ വിദദ്ധരുടെ അഭിപ്രായം തേടിയതെന്ന് കരുതുന്നു.
പട്ടയം ലഭിച്ചയാള്‍ ഭൂമി ഉപേക്ഷിച്ച് പോയതിനാല്‍, ഈ ഭൂമിയില്‍ താമസിക്കാനും താലൂക്ക് ഓഫിസില്‍ തന്റെ പേരില്‍ പട്ടയം ലഭിക്കാന്‍ അപേക്ഷ നല്‍കാനും രാജന് നിയമോപദേശം ലഭിച്ചെന്നാണ് കരുതപ്പെടുന്നത്.ഒഴിഞ്ഞു കിടന്ന ഭൂമിയില്‍ രാജന്‍ ഷെഡ് നിര്‍മ്മിച്ച് കുടുംബത്തോടൊപ്പം താമസം തുടങ്ങിയത് ഒന്നര വര്‍ഷം മുമ്പായിരുന്നു. മാസങ്ങള്‍ക്ക് ശേഷം അയല്‍വാസിയായ വസന്ത, ഇതു തന്റെ ഭൂമിയാണെന്നവകാശപ്പെട്ട് കോടതിയെ സമീപിച്ചു. ഇതറിഞ്ഞ രാജന്‍ സെപ്റ്റംബര്‍ 29ന് നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസില്‍, വസ്തുവിന്റെ വിശദാംശങ്ങള്‍ തേടി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കുകയായിരുന്നു.
ഇതിനുള്ള മറുപടിയിലാണ് തെറ്റായ വിവരങ്ങള്‍ ഉണ്ടായിരുന്നത്.തങ്ങള്‍ താമസിക്കുന്നത് അവകാശികളില്ലാത്ത പുറമ്പോക്ക് ഭൂമിയിലെന്നാണ് അച്ഛന്‍ കരുതിയിരുന്നതെന്ന് രാജന്റെ മക്കള്‍ പറയുന്നു. തെറ്റായ വിവരം ലഭിച്ചതും അതിനെ വിശ്വസിച്ചതുമാണ് അച്ഛനെയും അമ്മയെയും മരണത്തിലേക്കു തള്ളി വിട്ടത്.
Post Your Comments