ബെംഗളൂരു: പിഡിപി ചെയര്‍മാനും ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയുമായ അബ്ദുന്നാസര്‍ മഅ്ദനിയുടെ ശസ്ത്രക്രിയ കഴിഞ്ഞു. ബെംഗളൂരുവിലെ ആശുപത്രിയില്‍ അദ്ദേഹം നിരീക്ഷണത്തിലാണ്. കൊറോണയുടെ സാഹചര്യത്തില്‍ ആശുപത്രിയില്‍ കടുത്ത നിയന്ത്രണമാണിപ്പോള്‍. ഭാര്യ സൂഫിയ, മകന്‍ സലാഹുദ്ദീന്‍ അയ്യൂബി എന്നിവര്‍ ആശുപത്രിയിലുണ്ട്. ബെംഗളൂരുവിലെ സഫ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. മൂത്രനാളിയില്‍ തടസമുണ്ടായതാണ് ശസ്ത്രക്രിയക്ക് കാരണം. ക്രിയാറ്റിന്റെ അളവ് വര്‍ധിച്ചിരുന്നു. രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ കുറച്ച് ദിവസം ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നാണ് വിവരം.
Read Also: 30 വര്‍ഷത്തെ കീഴ്‌വഴക്കം; ആണവ വിവരങ്ങള്‍ കൈമാറി ഇന്ത്യയും പാക്കിസ്ഥാനും
എന്നാൽ ബെംഗളൂരു സ്‌ഫോടന കേസില്‍ പ്രതിയായ മഅ്ദനിക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. തുടര്‍ന്ന് ബെംഗളൂരു ബെന്‍സണ്‍ ടൗണിലെ ഫ്‌ളാറ്റിലാണ് അദ്ദേഹം വര്‍ഷങ്ങളായി കഴിയുന്നത്. നേരത്തെ പലതവണ വിവിധ അസുഖങ്ങളെ തുടര്‍ന്ന് മഅ്ദനി ബെംഗളൂരുവിലെ ആശുപത്രികളില്‍ ചികില്‍സ തേടിയിരുന്നു. കഴിഞ്ഞ വര്‍ഷം വിചാരണ വേളയില്‍ അദ്ദേഹം കോടതിയില്‍ ബോധരഹിതനാകുന്ന സാഹചര്യവുമുണ്ടായി. മഅ്ദനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടു.
അതേസമയം കേരളത്തിലേക്ക് മഅ്ദനിക്ക് തിരിച്ചെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും സമാകാലിക രാഷ്ട്രീയ സംഭവങ്ങളില്‍ അദ്ദേഹം പ്രതികരിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും അദ്ദേഹം സജീവമാണ്. കാലങ്ങളായുള്ള ജയില്‍വാസം മഅ്ദനിയെ നിത്യരോഗിയാക്കി മാറ്റിയിട്ടുണ്ട്. കോയമ്ബത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് വിചാരണ തടവുകാരനായി പത്ത് വര്‍ഷത്തോളം അദ്ദേഹം തമിഴ്‌നാട് ജയിലിലായിരുന്നു. കോടതി വെറുതെവിട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ തിരിച്ചെത്തി. പിന്നീടാണ് ബെംഗളൂരു സ്‌ഫോടന കേസില്‍ പ്രതിയാക്കപ്പെട്ടത്.
Post Your Comments