ബെംഗളൂരു:അബ്ദുള്‍ നാസര്‍ മദനി വ്യാഴാഴ്ച നാട്ടിലേക്ക് പുറപ്പെടും. സുപ്രീം കോടതി ഉത്തരവിന്റെ പകര്‍പ്പ് വിചാരണക്കോടതിയില്‍ ഹാജരാക്കിയതോടെ, മദനിക്ക് നാട്ടിലേക്ക് പോകാന്‍ അനുമതി ലഭിച്ചു. നാളെ രാവിലെ 9 മണിക്കാണ് ബെംഗളുരുവില്‍ നിന്ന് വിമാനം പുറപ്പെടുക. തിരുവനന്തപുരത്തേയ്ക്കുള്ള വിമാനത്തിലാണ് മദനി നാട്ടിലേയ്ക്ക് തിരിക്കുന്നത്. അവിടെ നിന്ന് കാര്‍ മാര്‍ഗം കൊല്ലത്തെ അന്‍വാര്‍ശ്ശേരിക്ക് പോകും. മദനിക്കൊപ്പം കുടുംബവും പിഡിപി പ്രവര്‍ത്തകരുമുണ്ടാകുമെന്നാണ് വിവരം. ചികിത്സയുടെ കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും, പിതാവിനെ കാണുകയും കൂടെ സമയം ചിലവഴിക്കുകയും ചെയ്യുക എന്നതിനാണ് പ്രാധാന്യമെന്നും കുടുംബം വ്യക്തമാക്കി.
2014 ല്‍ നല്‍കിയ ജാമ്യത്തിലെ വ്യവസ്ഥയ്ക്കാണ് സുപ്രീം കോടതി ഇളവ് നല്‍കിയത്. ബെംഗളൂരു വിട്ട് പോകരുതെന്ന വ്യവസ്ഥ മാറ്റിയ ജസ്റ്റിസ് എ എസ് ബൊപ്പണ്ണാ, ജസ്റ്റിസ് എം എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച്, ജന്മനാടായ കൊല്ലത്തെ കരുനാഗപ്പള്ളിയിലേക്ക് പോകാന്‍ അനുവാദം നല്‍കുകയായിരുന്നു. 15 ദിവസത്തിലൊരിക്കല്‍ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും, ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കര്‍ണാടക പൊലീസിന് കൈമാറണമെന്നും വ്യവസ്ഥയുണ്ട്. ചികിത്സയുടെ ആവശ്യത്തിന് കൊല്ലം ജില്ല വിടാനും അനുവാദമുണ്ട്. എറണാകുളത്തെ ചികിത്സ കണക്കിലെടുത്താണ് കോടതിയുടെ ഈ തീരുമാനം.
മദനിയുടെ വിസ്താരം പൂര്‍ത്തിയായ സാഹചര്യമാണെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. സാക്ഷി വിസ്താരമടക്കം പൂര്‍ത്തിയായതിനാല്‍ ഇനി മദനിയുടെ സാന്നിധ്യം കോടതിയില്‍ ആവശ്യമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വിചാരണക്കോടതി ആവശ്യപ്പെട്ടാല്‍ തിരികെ എത്തണം. കേരളത്തിലേക്ക് മദനിക്ക് കര്‍ണാടക പൊലീസ് അകമ്പടി പോകേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
Post Your Comments