ബെംഗളുരു: സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി ബെംഗളുരുവില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടു. 12.40-ന് തിരുവനന്തപുരത്തെത്തും. സുപ്രീം കോടതി നാട്ടില്‍ തങ്ങാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് മദനി നാട്ടിലേക്ക് പുറപ്പെട്ടത്.
നീതിന്യായ സംവിധാനത്തിന്റെ യശസ് ഉയര്‍ത്തുന്ന ഉത്തരവാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായതെന്ന് മദനി പറഞ്ഞു. ‘കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളടക്കം നിരവധി വൈഷമ്യങ്ങള്‍ ഉണ്ടായി. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് അന്ന് നാട്ടിലേയ്ക്ക് എത്താന്‍ സാധിച്ചത് . ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ നാട്ടില്‍ പോകാന്‍ കഴിഞ്ഞതില്‍ സന്തോഷവും സമാധാനവും ഉണ്ട്’, മദനി പറഞ്ഞു.
തിരുവനന്തപുരത്ത് നിന്ന് കാര്‍ മാര്‍ഗമാണ് അന്‍വാര്‍ശേരിയിലേക്ക് പോകുക. കുടുംബവും പിഡിപി പ്രവര്‍ത്തകരും മദനിക്ക് ഒപ്പമുണ്ടാകും. അസുഖബാധിതനായ പിതാവിനൊപ്പം ഏതാനും ദിവസങ്ങള്‍ അന്‍വാര്‍ശേരിയില്‍ കഴിഞ്ഞ ശേഷമേ ചികിത്സാ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകൂ എന്നാണ് സൂചന. 15 ദിവസത്തില്‍ ഒരിക്കല്‍ വീടിന് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments