ഹൈദരാബാദ്: മൊബൈല്‍ ആപ്പുവഴി ഇന്‍സ്റ്റന്‍റ് ലോണ്‍ നല്‍കി തട്ടിപ്പുനടത്തിയ സംഭവത്തില്‍ ചൈനീസ് പൗരന്‍ ഉള്‍പ്പടെ പിടിയില്‍. കുറ്റകൃത്യത്തിലെ പ്രധാനകണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 30 മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുകള്‍ വഴി നടത്തിയ കോടിക്കണക്കിന് രൂപയുടെ വായ്പ തട്ടിപ്പു കേസില്‍ ഇതുവരെ 16 പേരെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതേകേസില്‍ സൈബരാബാദ് പോലീസ് ആറുപേരേയും പിടികൂടി. കടം വാങ്ങിയ പണവും പലിശയും വീണ്ടെടുക്കുന്നതിനായി ഇരകളെ ദുരുപയോഗം ചെയ്യുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു. ഹൈദരാബാദിലും ഗുരുഗ്രാമിലും നിരവധി കോള്‍ സെന്‍ററുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഇത്തരത്തിലുള്ള മൂന്ന് കോള്‍ സെന്ററുകളില്‍ ആയിരത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ടെന്നും പ്രതിമാസം 10,000 മുതല്‍ 15,000 രൂപ വരെ വരുമാനം നേടുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ഹൈദരാബാദിലെയും ഗുരുഗ്രാമിലെയും കോള്‍ സെന്ററുകളില്‍ അധികൃതര്‍ ഒന്നിലധികം റെയ്ഡുകള്‍ നടത്തി. സംഭവത്തില്‍ ഡിസംബര്‍ 23ന് 11 പേരെ അറസ്റ്റ് ചെയ്തുിരുന്നു. ബുധനാഴ്ച 27 കാരനായ ലാമ്പോ എന്ന് പേരുള്ള ചൈനീസ് പൗരനെ ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു.
read also: മലയാളികൾക്ക് ശുഭപ്രതീക്ഷയോടെ പുതുവൽസരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
അമിതമായ പലിശ നിരക്കില്‍ വ്യക്തികള്‍ക്ക് തല്‍ക്ഷണ വായ്പ നല്‍കുകയാണ് തട്ടിപ്പുകാര്‍ ചെയ്തിരുന്നത്. വായ്പ കൃത്യസമയത്ത് തിരിച്ചടയ്ക്കുന്നതില്‍ ആരെങ്കിലും പരാജയപ്പെട്ടാല്‍ പ്രതികള്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചായിരുന്നു ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നത്.അത്തരം വായ്പക്കാരില്‍ നിന്ന് കുറഞ്ഞത് 90 പരാതികളെങ്കിലും ലഭിച്ചതായി തെലങ്കാന പോലീസ് അറിയിച്ചു.
കൊള്ളപ്പലിശക്കാര്‍ പണമിടപാടുകാരെ ദിവസങ്ങളോളം ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. പീഢനങ്ങളെ തുടര്‍ന്ന് മൂന്നുപേര്‍ ആത്മഹത്യ ചെയ്തിരുന്നു. ‘എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്നും ബാങ്ക് അകൗണ്ട് പൂട്ടിക്കുമെന്നും അപകീര്‍ത്തിപ്പെടുത്തുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. അവന്‍ എപ്പോഴും വിഷമിച്ചിരുന്നു. ഒരു വായ്പ തിരിച്ചടയ്ക്കാന്‍ മറ്റൊരു വായ്പയെടുത്ത് അവസാനം രണ്ട് ലക്ഷം രൂപയുടെ കടത്തില്‍ കലാശിക്കുകയായിരുന്നു’ -ഡിസംബര്‍ 16ന് ആത്മഹത്യ ചെയ്ത സുനിലിന്‍റെ ഭാര്യ രമ്യ പറഞ്ഞു.
നാല് കമ്പനികളെ പ്രതിനിധീകരിച്ച് നടത്തിയ കോള്‍ സെന്‍ററുകളിലൂടെയാണ് റാക്കറ്റ് നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ കോള്‍ സെന്‍ററുകളില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പരിശീലനം ലഭിച്ച നൂറുകണക്കിന് ചെറുപ്പക്കാരെ നിയമിക്കുകയും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി തുടര്‍ച്ചയായ തുകകള്‍ കടമെടുക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുകയായിരുന്നു.
Post Your Comments