ഡല്‍ഹി: പുതുവർഷം ആഘോഷിക്കാൻ പണം നല്‍കാത്തതിന്റെ പേരില്‍ 73കാരിയായ അമ്മൂമ്മയെ 19കാരന്‍ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. കിഴക്കന്‍ ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന ക്രൂര കൊലപാതകം നടന്നിരിക്കുന്നത്. അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പോലീസ് അറിയുന്നത്. പോലീസ് എത്തുമ്പോൾ കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു 73കാരിയായ സതീഷ് ജോളി എന്ന വയോധിക ഉണ്ടായിരുന്നത്. നിലത്ത് രക്തം തളംകെട്ടി കിടന്നിരുന്നു.
വീടിന്റെ താഴത്തേ നിലയിലാണ് സതീഷ് ജോളി താമസിച്ചിരുന്നത്. ഒന്നാമത്തെ നിലയില്‍ മൂത്ത മകനാണ് താമസിക്കുന്നത്. ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പമാണ് മൂത്ത മകന്‍ താമസിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായിരിക്കുന്നത്. മൂത്ത മകന്റെ മകനായ കരണ്‍ അമ്മൂമ്മയോട് പണം ആവശ്യപ്പെട്ടു. ഇവര്‍ പണം നല്‍കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് സതീഷ് ജോളിയെ കൊലപ്പെടുത്തുകയുണ്ടായത് . തുടര്‍ന്ന് 18000 രൂപ മോഷ്ടിച്ച് കരണ്‍ കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു.
ഞായറാഴ്ച രാവിലെ മൂത്ത മകന്‍ താഴെ വന്ന് നോക്കുമ്പോഴാണ് അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാടകയ്ക്ക് എടുത്ത ചുറ്റിക ഉപയോഗിച്ചാണ് കരണ്‍ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഉത്തര്‍പ്രദേശില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ഥിയാണ് കരണ്‍.
Post Your Comments